
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
നൂറുദിവസംകൊണ്ട് 100 പഞ്ചായത്ത്/നഗരസഭാ തലങ്ങളില്‍ ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പുമന്ത്രി അനൂപ് ജേക്കബ്.സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു ലീഗല്‍ മെട്രോളജി വകുപ്പ് ഈമാസം മുതല്‍ എല്ലാ ജില്ലയിലും വെരിഫിക്കേഷന്‍ ക്യാമ്പുകള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണു ക്യാമ്പുകള്‍ ആരംഭിക്കുന്നത്. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കൂത്താട്ടുകുളം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വെരിഫിക്കേഷന്‍ പഞ്ചായത്ത് തലങ്ങളില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിര്‍ദ്ദേശം താന്‍ തന്നെ മുന്നോട്ടുവയ്ക്കാന്‍ ഇടയായത്. തദ്ദേശതലത്തില്‍ ക്യാമ്പ് നടത്തുമ്പോള്‍ തൊഴിലാളിക്കു ദൂരയാത്രയും സമയനഷ്ടവും ഒരുദിവസത്തെ തൊഴില്‍ നഷ്ടവും ഒഴിവാക്കാം. എത്രയിടത്ത് ക്യാമ്പ് നടത്തിയെന്നതു വെബ്‌സൈറ്റില്‍ കാണാന്‍ കഴിയും. 100 ദിവസത്തില്‍ പരിമിതപ്പെടുത്തുക എന്നതല്ല, പദ്ധതി തുടര്‍ന്നുപോകാനാണു ലക്ഷ്യംവയ്ക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും.
നൂറുദിന പദ്ധതി എന്ന നിലയില്‍ വിവിധ ആശയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ചിട്ടുണ്ട്. ആദ്യത്തേതായി പ്രിയദര്‍ശിനി സൗജന്യബസ് യാത്രാ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഭക്ഷ്യവകുപ്പ് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു നൂറുദിവസം കൊണ്ട് 50,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയാണ്. ഉപഭോക്തൃവകുപ്പ് 1000 സ്‌കൂളുകളില്‍ കണ്‍സ്യൂമര്‍ ക്ലബുകള്‍ ആരംഭിക്കും. ഇതുപോലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ആദ്യദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി നിര്‍വഹിച്ചു.
കൂത്താട്ടുകുളം നഗരസഭാ ചെയര്‍മാന്‍ റെജി ജോണ്‍ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണന്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ രാജേഷ് സാം, ലീഗല്‍ മെട്രോളജി മദ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ കെ ഷീലന്‍, പാമ്പാക്കുട ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ്് നെവിന്‍ ജോര്‍ജ്, പിറവം നഗരസഭാധ്യക്ഷന്‍ കെ.ആര്‍. പ്രദീപ്കുമാര്‍, കേരള പഞ്ചായത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയര്‍മാന്‍ ലിസി ജോസ്, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കെ. വര്‍ഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Photo Courtesy - Google










