
കൊച്ചി: സാധാരണക്കാരുടെ കുടുംബബജറ്റിന്റെ താളം തെറ്റിക്കാതെ , വിപണിയിലെ വിലനിലവാരം നിയന്ത്രിച്ചുനിർത്തുന്നതിൽ സപ്ലൈകോയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ വിശ്വാസ്യതയും ജനപിന്തുണയും വർധിച്ചുവരുന്നതിന്റെ തെളിവാണ് ഓണക്കാലത്ത് സബ്സിഡി ഉൽപ്പന്നങ്ങൾക്കൊപ്പം സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്കും ഉണ്ടായ വിൽപ്പന വർധനയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഐ.എം.എ ഹൗസിൽ പുതിയ ശബരി ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പൊതുജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്ന വിധത്തിൽ ശബരി ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുകയും ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.ശബരി മൈദ, റവ എന്നീ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിനൊപ്പം ശബരി ഗോൾഡ് തേയില, ഹോട്ടൽ ബ്ലെൻഡ് തേയില, ശബരി ആട്ട എന്നിവ പുതിയ ബ്രാൻഡഡ് പാക്കേജിങ്ങിൽ പുനരവതരിപ്പിക്കുകയും ചെയ്തു.ഓണത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയികളായ ഉപഭോക്താക്കൾക്കുള്ള സമ്മാനങ്ങളും ഓണക്കാലത്ത് മികച്ച വിൽപ്പന കൈവരിച്ച സപ്ലൈകോ ജീവനക്കാർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.സപ്ലൈകോയുടെ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. വി. കെ. മിനിമോൾ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം., ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google









