09:53pm 02 September 2026
NEWS
വാഹനാപകടത്തില്‍ പരിക്കേറ്റ കാര്‍യാത്രക്കാരിയ്ക്ക് രക്ഷകനായി മന്ത്രി അനൂപ് ജേക്കബ്
02/09/2026  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാഹനാപകടത്തില്‍ പരിക്കേറ്റ കാര്‍യാത്രക്കാരിയ്ക്ക് രക്ഷകനായി മന്ത്രി അനൂപ് ജേക്കബ്
HIGHLIGHTS

കൊട്ടാരക്കര പനവേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയെ കാറില്‍നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്  മന്ത്രി അനൂപ് ജേക്കബ് നേതൃത്വം നല്‍കുന്നു.

കൊട്ടാരക്കര: പനവേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ കാര്‍യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ തക്കസമയത്ത് ഇടപെട്ട് സഹായമൊരുക്കി മന്ത്രി അനൂപ് ജേക്കബ്.

ഇന്നലെ പകല്‍ 12.30 മണിയോടെ എം.സി റോഡിലായിരുന്നു സംഭവം. പനവേലിക്കു സമീപം നിയന്ത്രണംവിട്ട ലോറിയുടെ ഇടിയേറ്റ് ടെമ്പോട്രാവലര്‍ കാറില്‍ വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് സദാനന്ദപുരം കെ.ടി.ഡി.സി. ഓഫീസിലേയ്ക്ക് പോവുകയായിരുന്ന കലാ ചന്ദ്രശേഖരന്‍ (55) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.

ആ സമയം അതുവഴി കടന്നുപോയ മന്ത്രി സംഭവം ശ്രദ്ധയില്‍പെട്ടതോടെ തന്റെ ഔദ്യോഗിക വാഹനം നിര്‍ത്തി പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി പൈലറ്റ് വാഹനത്തിലുള്ള പോലീസുകാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന്, പരുക്കേറ്റ കലാ ചന്ദ്രശേഖരനെ വിജയാസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്റ്റിയറിംഗ് വീലില്‍ അമര്‍ന്നുപോയ ഇവര്‍ക്കു സാരമായി പരുക്കുള്ളതിനാല്‍ വൈകിട്ടോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. കാറില്‍ ഒപ്പമുണ്ടായിരുന്ന കെ.റ്റി.ഡി.സിയിലെ തന്നെ രാജഗോപാല്‍ എന്ന ജീവനക്കാരനു പരുക്കില്ല.
 
പരുക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത പൈലറ്റ് വാഹനത്തെ അവിടെ നിര്‍ത്തിയശേഷമാണു മന്ത്രി യാത്ര തുടര്‍ന്നത്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ ഈ മാതൃകാപരമായ ഇടപെടല്‍. എം.സി റോഡിലെ പനവേലി പോലുള്ള തിരക്കേറിയ ഭാഗങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പോലീസും നിരന്തരം ശ്രമിച്ചുവരുന്നുണ്ട്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img