01:52pm 27 June 2026
NEWS
ഖനിരാജാവ് കുരുക്കിൽ; അനധികൃത ഖനനക്കേസിൽ ഏഴുവർഷം തടവ് വിധിച്ച് സിബി ഐ കോടതി
07/05/2025  11:21 AM IST
വിഷ്ണുമംഗലം കുമാർ
ഖനിരാജാവ് കുരുക്കിൽ; അനധികൃത ഖനനക്കേസിൽ ഏഴുവർഷം തടവ് വിധിച്ച് സിബി ഐ കോടതി

ധനശക്തിയും രാഷ്ട്രീയാധികാരവും സമന്വയിപ്പിച്ച് രാജാവിനെ പോലെ വാണ ആളാണ് ഗാനി ജനാർദ്ദന റെഡ്ഢി. കർണാടകത്തിലെ ബെല്ലാരിയാണ് ഇദ്ദേഹത്തിന്റെ ജന്മദേശവും ആസ്ഥാനവും. ബെല്ലാരി മേഖലയിലും ആന്ധ്രാപ്രദേശിന്റെ അതിർത്തി ജില്ലയിലും നിന്ന് അനധികൃതമായി ഇരുമ്പയിർ ഖനനം ചെയ്ത് വിദേശങ്ങളിലേക്ക് കയറ്റി അയച്ചാണ് റെഡ്‌ഡി ശതകോടികൾ സമ്പാദിച്ചത്. 2008 ൽ കർണാടകത്തിൽ അധികാരത്തിൽ വന്ന യെഡിയൂരപ്പ മന്ത്രിസഭയിൽ സൂപ്പർമന്ത്രിയായിരുന്നു റെഡ്‌ഡി. അനധികൃത ഖനനത്തിന് സിബിഐ കേസ് വന്നതോടെ മന്ത്രിസ്ഥാനം രാജിവെച്ചു. 2011ൽ അറസ്റ്റിലായ ഇദ്ദേഹം 2015 വരെ ജയിലിലായിരുന്നു. സ്വദേശമായ ബെല്ലാരിയിൽ പ്രവേശിക്കാൻ അനുമതി കിട്ടിയത് കഴിഞ്ഞവർഷം മാത്രമാണ്. 2009 ൽ രജിസ്റ്റർ ചെയ്ത കേസ്സിൽ 2011 ഡിസംബർ മൂന്നിനാണ് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ആന്ധ്രാപ്രദേശിൽ നടന്ന അനധികൃത ഖനനം സംബന്ധിച്ചുള്ള കേസ് ഹൈദരബാദിലെ പ്രത്യേക സിബി ഐ കോടതിയിലാണ് നടന്നുവന്നത്. പലവിധ കാരണങ്ങളാൽ നീണ്ടുപോയ കേസ്സിൽ ജനാർദ്ദന റെഡ്‌ഡിയും സഹായികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് ഇന്നലെയാണ് കോടതി കണ്ടെത്തിയത്. ജനാർദ്ദന റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള ഒബലിപുരം മൈനിങ് കോർപറേഷൻ അനധികൃത ഖനനത്തിലൂടെ ഗവണ്മെന്റിന് 884.13 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. വൈ.എസ്. രാജശേഖര റെഡ്‌ഡി മുഖ്യമന്ത്രിയായിരിക്കെയാണ് അനന്തപ്പൂർ ജില്ലയിലും പരിസരങ്ങളിലും ജനാർദ്ദന റെഡ്ഢിയുടെ സ്ഥാപനം വ്യാപകമായി അനധികൃത ഖനനം നടത്തിയത്. ജനാർദ്ദന റെഡ്‌ഡി ഉൾപ്പെടെയുള്ള കുറ്റവാളികൾ എഴുവർഷത്തെ തടവ് അനുഭവിക്കുന്നതിന് പുറമെ പിഴയും അടക്കേണ്ടതുണ്ട്. വിധി വന്നതോടെ ജനാർദ്ദന റെഡ്‌ഡിയെയും കൂട്ടുപ്രതികളെയും സിബി ഐ കസ്റ്റഡിയിലെടുത്തു.ബിജെപിയിൽ നിന്ന് പുറത്തായിരുന്ന ജനാർദ്ദന റെഡ്‌ഡി 2023 ൽ പ്രാദേശിക പാർട്ടിയുണ്ടാക്കി ഏതാനും നിയമസഭാസീറ്റുകളിൽ മത്സരിച്ചിരുന്നു. എന്നാൽ ഗംഗാവതിയിൽ നിന്ന് അദ്ദേഹത്തിന് മാത്രമേ ജയിക്കാനായുള്ളു. കഴിഞ്ഞ വർഷം ബിജെപിയിൽ തിരിച്ചെത്തി. സിബിഐ കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ റെഡ്ഢിയ്ക്ക് എംഎൽഎ സ്ഥാനം നഷ്ടമാകും. അദ്ദേഹത്തിന്റെ അഭിഭാഷകർ ഹൈദരബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img