05:14pm 10 November 2026
NEWS
ഗതാഗതക്കുരുക്കിന് ഇടക്കാലാശ്വാസമായി ബംഗളുരുവിൽ മിനി തുരങ്കപ്പാത.
30/06/2026  10:58 AM IST
വിഷ്ണുമംഗലം കുമാർ
ഗതാഗതക്കുരുക്കിന് ഇടക്കാലാശ്വാസമായി ബംഗളുരുവിൽ മിനി തുരങ്കപ്പാത

കർണാടകം: മെട്രോ സർവീസ് വിപുലീകരണം, സബ് അർബ്ബൻ റെയിൽവേ സംവിധാനം എന്നിവ പൂർത്തിയായാലും തലസ്ഥാന നഗരിയായ ബംഗളുരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവില്ലെന്നു കണ്ടാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ തുരങ്കപ്പാത എന്ന ആശയം മുന്നോട്ട് വെച്ചത്. 83 സ്റ്റേഷനുകളോടെ 96 കിലോമീറ്റർ ദൈർഘ്യത്തിൽ മെട്രോ സർവീസ് നടത്തുന്നുണ്ട്. 144 കിലോമീറ്റർ സർവീസിന്റെ നിർമ്മാണജോലി വിവിധ ഘട്ടങ്ങളിലാണ്. നാല് കോറിഡോറുകളിലായി 148 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന സബ് അർബൻ റെയിൽപ്പാത ദ്രുതഗതിയിൽ തയ്യാറായി വരുന്നുണ്ട്.അതുകൊണ്ടൊന്നും രൂക്ഷമായ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഡി കെ തുരങ്കപ്പാത പദ്ധതി മുന്നോട്ട് വെച്ചത്. ഹെബ്ബാളിൽ നിന്നും സിൽക്ക് ബോർഡ് ജംഗ്ക്ഷൻ വരെ പതിനേഴ് കിലോമീറ്റർ നീളം വരുന്ന തുരങ്കപ്പാതയ്ക്ക് ഇരുപതിനായിരം കോടിയാണ് മതിപ്പ് ചെലവ്. ഗവണ്മെന്റ് നിശ്ചയിച്ച തുകയ്ക്ക് കരാറെയെടുക്കാൻ കമ്പനികൾ മുന്നോട്ട് വന്നിട്ടില്ല. മാത്രവുമല്ല ഈ പദ്ധതിയ്ക്ക് പരിസരവാദികളിൽ നിന്നും ഗതാഗത വിദഗ്ധരിൽ നിന്നും കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. തുരങ്കപ്പാത കടന്നുപോകേണ്ട പ്രധാന മേഖലയിലെ ബിജെപി എം പി തേജസ്വിസൂര്യ പ്രൊജക്റ്റിനെതിരാണ്. അതുകൊണ്ടൊക്കെ തന്നെ മുഖ്യമന്ത്രി ഡി കെ യുടെ ഈ അഭിമാന പദ്ധതി വൈകും. ചിലപ്പോൾ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. അതിനിടയിലാണ് ഒരു ഇടക്കാലാശ്വാസം പോലെ ഒരു മിനി തുരങ്കപ്പാത പദ്ധതിയുമായി ഡി കെ മുന്നോട്ട് വന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന ഹെബ്ബാൾ- മെഹ്റി സർക്കിൾ ഭാഗത്താണ് 2.2 കിലോമീറ്റർ നീളത്തിൽ തുരങ്കപ്പാത നിർമ്മിക്കുന്നത്. 1139 കോടി രൂപ ചെലവ് മതിക്കുന്ന ഈ മിനി തുരങ്കപ്പാതയുടെ നിർമ്മാണജോലിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവ്വഹിച്ചു. ആറു ലെയിനുകളുള്ള ഈ മിനി തുരങ്കപ്പാതയുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ഡി കെ യുടെ അഭിമാന പദ്ധതിയായ പ്രധാന തുരങ്കപ്പാതയുടെ ടെസ്റ്റ്‌ ഡോസ് ആയാണ് ഇത് പരിഗണിക്കപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img