07:56pm 25 June 2026
NEWS
ധാതുമണൽ സംസ്‌ക്കരണം: അണിയറയിൽ സംഭവിക്കുന്നത്?
25/06/2026  01:36 PM IST
ചെറുകര സണ്ണീലൂക്കോസ്
ധാതുമണൽ സംസ്‌ക്കരണം: അണിയറയിൽ സംഭവിക്കുന്നത്?

അറ്റോമിക് എനർജി നിയമം(1962) പ്രകാരവും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും, മോണൈസൈറ്റ് ഖനനം ചെയ്യാനും സംസ്‌ക്കരിക്കാനും കൈവശംവയ്ക്കാനും കയറ്റുമതി ചെയ്യാനും ഐ.ആർ.ഇ.എൽ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മാത്രമേ നിയമപരമായ അവകാശമുള്ളൂ എന്നിരിക്കെ കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്(ഗങങഘ) മോണൈസൈറ്റിൽ നിന്ന് ഉയർന്ന മൂല്യമുള്ള അപൂർവ്വ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള എക്‌സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (താൽപ്പര്യപത്രം) 2025 ജൂണിൽ ക്ഷണിച്ചതിൽ ദുരൂഹത. 2025 ജൂൺ 25 നായിരുന്നു ഓപ്പൺ ടെന്ററിന്റെ അവസാന തീയതി.

കെ.എം.എം.എൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരത്ത് നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ധാതുമണലിൽ അടങ്ങിയിട്ടുള്ള റേഡിയോ ആക്ടീവ് സ്വഭാവമുള്ള ധാതുവാണ് മോണൈസൈറ്റ്. ഖനനം ചെയ്‌തെടുക്കുന്ന കരിമണലിൽ കെ.എം.എം.എൽ ഉൽപ്പന്നങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് ഇൽമനേറ്റ്, സിലിമിനേറ്റ്, സിർകോൺ, റൂട്ടൈൽ, ലൂക്കോക്‌സിൻ തുടങ്ങിയ ധാതുക്കളാണ്. ഇവ കെ.എം.എം.എൽ ന്റെ മിനറൽ സെപ്രേഷൻ യൂണിറ്റിൽ വേർതിരിച്ചെടുത്തശേഷം എം.എസ്. യൂണിറ്റിനോട് ചേർന്ന് കോൺക്രീറ്റ് നിലവറകളിൽ മോണൈസൈറ്റ് സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഇക്കാലമത്രയും ചെയ്തിരുന്നത്. 4000 കോടി രൂപയുടെ മൂല്യമുള്ള ഒന്നേകാൽലക്ഷം ടൺ വരും.
55-60 ശതമാനം വരെ ഉയർന്ന മൂല്യമുള്ള റെയർ എർത്ത് ഓക്‌സൈഡുകളും (അപൂർവ്വ ഭൂമിമൂലകങ്ങൾ) അണുവായുധങ്ങൾക്കും ആണവോർജ്ജത്തിനും ഉപയോഗിക്കുന്ന തോറിയവും മോണോസൈറ്റ് എന്ന ധാതുവിൽ അടങ്ങിട്ടുള്ളതിനാലാണ് ഇത് കൈകാര്യം ചെയ്യുന്നത് കേന്ദ്ര സർക്കാർ കർശനമായി നിരോധിച്ചിട്ടുള്ളത്.

ഇതിൽ ഉയർന്ന മൂല്യമുള്ള റെയർ എർത്ത് മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നതിനുള്ള പദ്ധതിയുമായി കെ.എം.എം.എൽ 2025 ൽ മുന്നോട്ടുവന്നത് അന്നത്തെ മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നുവെന്നാണ് സൂചന.
ഹൈദരാബാദ് ആസ്ഥാനമായ മിഡ് വെസ്റ്റ് ഇന്ത്യ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ ഇതിനായി പലവട്ടം കേരളത്തിൽ എത്തിയതായും വിവരമുണ്ട്. പ്രകൃതിദത്ത കല്ലുകളുടെ ഖനനം, സംസ്‌ക്കരണം, കയറ്റുമതി തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് മിഡ് വെസ്റ്റ് ഇന്ത്യാ ലിമിറ്റഡ്. രാജ്യത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഗ്രാനൈറ്റ് സംസ്‌ക്കരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതും മിഡ്‌വെസ്റ്റാണ്.
താൽപ്പര്യപത്രം സമർപ്പിച്ച പ്രകാരം മിഡ് വെസ്റ്റ് ലിമിറ്റഡിനെ തന്നെയാണ് പദ്ധതി നടപ്പിലാക്കാൻ കെ.എം.എം.എൽ സെലക്ട് ചെയ്തത്. തുടർന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2026 ഏപ്രിവ് 9 ന്(വോട്ടെണ്ണൽ മെയ് 4) പുതിയ സർക്കാർ അധികാരമേറ്റ മെയ് 18 നും ഇവയിൽ ഒട്ടേറെ നടപടികൾ അസാധാരണ വേഗത്തിൽ നീങ്ങി. ഏപ്രിൽ 15 നും (ങട/ഢഅ/ങഠ/09) ഏപ്രിൽ 21 നും (ങട/ഢഅ/ങഠ/10) മെയ് 2 നും (ങട/ഢഅ/ങഠ/11) കെ.എം.എം.എൽ മിഡ് വെസ്റ്റ് ലിമിറ്റഡിന് തുടർനടപടികൾക്കായി കത്ത് നൽകി. എന്നാൽ ആ കത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനുമതിലഭിച്ചാലേ ഒപ്പുവയ്ക്കാൻ കഴിയൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളെ ഒരു മന്ത്രിസഭ നിലവിലില്ലാതിരിക്കെ 2026 മെയ് 17  ലെ ഒരു സർക്കാർ ഉത്തരവിലൂടെ മോണോസൈറ്റിന്റെ മൂല്യവർദ്ധനവിൽ ഏർപ്പെടുന്നതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകി. ഈ സർക്കാർ ഉത്തരവിൽ കെ.എം.എം.എൽ ന് ആവശ്യമായ അനുമതികൾക്കായി കേന്ദ്രത്തെ സമീപിക്കാനുള്ള അനുമതിയും കെ.എം.എം.എൽന്റെ ആവശ്യം അനുകൂലമായി പരിഗണിക്കമെന്ന് സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർക്കുള്ള ശുപാർശയും അടങ്ങിയിട്ടുണ്ട്.

ഭരണമാറ്റം ഉണ്ടായതോടെ കെ.എം.എം.എൽ എം.ഡി ആയിരുനന പി. പ്രദീപ് കുമാർ ജോലി രാജിവച്ച് ഒഴിഞ്ഞു. അതും ഇടപാടിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

മിഡ് വെസ്റ്റ് ഉൾപ്പെടെ ധാതുമണൽ ഖനനത്തിൽ ഏർപ്പെട്ടിട്ടുള്ള ചില കമ്പനികൾ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് പൊതുമുതൽ കൊള്ള ചെയ്യുകയാണെന്ന് ആരോപിച്ച് 2026 മാർച്ച് 29 ന് തെലുങ്കാന നിയമസഭ പ്രതിപക്ഷമായ ഭാരത് രാഷ്ട്രീയസമിതി സ്തംഭിപ്പിച്ചിരുന്നു. അതേത്തുടർന്ന് 2014 മുതൽ തെലുങ്കാനയിലെ ഖനനത്തിലുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി സംസ്ഥാന സി.ബി-ഡി.ഐ.ഡിക്ക് ഉത്തരവ് നൽകിയിരിക്കുകയാണ്.

റെയർ എർത്ത് പെർമനന്റ് മാഗ്നെറ്റിന് ലോകത്ത് ആവശ്യം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നിർമ്മിക്കാൻ മോണോസൈറ്റ് ഓക്‌സൈഡുകൾ ആവശ്യമാണ്. ഇന്ത്യക്ക് ആവശ്യമുള്ള മാഗ്നെറ്റിന്റെ മുഖ്യപങ്കും ഇപ്പോൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തെ മാഗ്നെറ്റ് ദൗർലഭ്യം കണക്കിലെടുത്ത് 2025 നവംബർ 25 ന് ചേർന്ന കേന്ദ്രമന്ത്രിസഭ റെയർ എർത്ത് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ മൂലധനവും സബ്‌സിഡിയും വാഗ്ദാനം ചെയ്യുന്ന 7280 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനും മുമ്പെയായിരുന്നു കെ.എം.എം.എൽ താൽപ്പര്യപത്രം ക്ഷണിച്ചത് എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും ഒടുവിൽ ഹൈദരാബാദ് ആസ്ഥാനമായ എൻ.എഫ്.എം.റ്റി.ഡി.സി 2026 ജൂൺ 1 ന് കേരളമുഖ്യമന്ത്രിക്കും വ്യവസായവകുപ്പിനും മിനറൽസ് അധിഷ്ഠിത വ്യവസായങ്ങൾക്കൊണ്ട് സ്റ്റേറ്റിന് വമ്പൻ വരുമാനം ലഭിക്കുമെന്ന് അവകാശപ്പെട്ട് 56 പേജുള്ള ഒരു കോൺഫിഡൻഷ്യൽ സ്ട്രാറ്റജി ഡ്രാഫ്റ്റ് എക്കണോമിക് ബ്ലൂ പ്രിന്റ് സമർപ്പിക്കുകയുണ്ടായി. ഇതിന്റം പിന്നിലും ഹൈദരാബാദ് ആസ്ഥാനമായ മിഡ് വെസ്റ്റ് തന്നെയാണെന്നാണ് സൂചന.

ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പിഗ്മെന്റ്(റൂട്ടൈൽ), നാനോ ടൈറ്റാനിയം ഡൈ ഓക്‌സൈഡ്(റൂട്ടൈൽ), ടൈറ്റാനിയം ടെട്രാ ക്ലോറൈഡ്, ഇൽമനൈറ്റ്, സില്ലിമിനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, ടൈറ്റാനിയം സ്‌പോഞ്ച്, മഗ്നീഷ്യം ക്ലോറൈഡ് എന്നിവയാണ് നിലവിൽ കരിമണലിൽ നിന്നും വിപണിയിലെത്തിക്കുന്ന ഉൽപ്പന്നങ്ങൾ.

ധനകാര്യവകുപ്പിലെ ഒരു അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റെയർ എർത്ത് പെർമനന്റ് മാഗ്നെറ്റ് പദ്ധതിക്ക് മുൻകൈ എടുത്തത്. ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് പുതിയ സർക്കാരിന്റെ ബജറ്റിലും റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ എന്ന ആശയം സംഭാവന ചെയ്തത് എന്നാണ് സൂചന.
ഇപ്പോൾ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള മോണോസൈറ്റ് പുറത്തെടുത്ത് ഇതിൽ നിന്ന് നിയൊഡൈമീയം, തോറിയം, സ്‌കാൻഡിയം ഉൾപ്പെടെ വേർതിരിച്ചെടുക്കുന്ന പ്രത്യേക കേന്ദ്രമാണ് കോറിഡോറിന്റെ ഭാഗമായി പിണറായി സർക്കാർ പ്ലാൻ ചെയ്തത്. വൈദ്യുതി വാഹനം, കാറ്റാടിയന്ത്രം, വിമാനം, മൊബൈൽഫോൺ, ഡ്രോൺ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാവശ്യമായ മാഗ്നെറ്റുകളുടെ(കാന്തം) നിർമ്മാണത്തിനാണ് നിയൊഡൈമിയം ആവശ്യമായിട്ടുള്ളത്.

പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിളിച്ച ടെണ്ടർ റദ്ദ് ചെയ്ത് പുതുതായി ആഗോളടെണ്ടർ വിളിക്കേണ്ടി വരും. ഇല്ലെങ്കിൽ ഗുരുതരമായ ആക്ഷേപങ്ങൾക്ക് അതുവഴിവയ്ക്കും.

മോണോസൈറ്റിൽ വാല്യൂ അഡീഷൻ പദ്ധതിക്ക് കെ.എ. എം. എൽ ന് അനുമതി നൽകി കൊണ്ട് വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെകട്ടറി മുഹമ്മദ് ഹനീഷ് നൽകിയ 2026 മേയ് 17 ലെ സർക്കാർ ഉത്തരവ്. മേയ് 18 നാണ് പുതിയ സർക്കാർ അധികാരമേറ്റത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img