12:04am 03 August 2026
NEWS
ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിച്ചു
15/07/2026  09:55 AM IST
ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിച്ചു

തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ക്രൂര ആക്രമണം. മിണാലൂർ ബൈപാസ് റോഡിലെ സെലക്ട് ദർബാർ റസ്റ്ററന്റിന്റെ ഉടമ സുഹൈബ് (40)ന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് മുൻവശത്തെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ട സുഹൈബിനെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ സുഹൈബിനൊപ്പമുണ്ടായിരുന്ന റഷീദ് (40) കൈക്കും കാലിനും പരുക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഹോട്ടലിലെ അഞ്ച് ജീവനക്കാർക്കും പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടി.

വൈകിട്ട് നാലോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലി ഓർഡർ ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ നാരങ്ങയിൽ നീർ കുറവാണെന്ന പരാതിയുമായി ഇവർ കൗണ്ടറിലെത്തി. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതോടെ അടുക്കളയിലുണ്ടായിരുന്ന സുഹൈബിനെ ഇവർ സമീപിക്കുകയും വാക്കേറ്റം രൂക്ഷമാവുകയും ചെയ്തു. പിന്നീട് കൂടുതൽ ആളുകളുമായി തിരിച്ചെത്തി കണക്ക് തീർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും മടങ്ങിയത്.

ഏകദേശം ഒരു മണിക്കൂറിന് ശേഷം ഏഴംഗ സംഘം ഹോട്ടലിലെത്തി സുഹൈബിനെ അന്വേഷിച്ചു. ബഹളം കേട്ട് പുറത്തേക്കെത്തിയ ഉടമയെ സംഘം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തല ലക്ഷ്യമിട്ടുള്ള അടിയാണ് മുഖത്തും ചുണ്ടിലും പതിച്ചത്. തടയാൻ ശ്രമിച്ച റഷീദിനും മർദനമേറ്റു.

ആക്രമണത്തിന് പിന്നിൽ എരുമപ്പെട്ടി ഭാഗത്തുള്ള സംഘമാണെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img