12:25pm 31 August 2026
NEWS
ഒരുമിച്ച് ഓണം ആഘോഷിച്ചവർ; പിന്നാലെ ഇരട്ടക്കൊലയുടെ നടുക്കം; അനില ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയത് എന്തിന്?
31/08/2026  09:12 AM IST
nila
ഒരുമിച്ച് ഓണം ആഘോഷിച്ചവർ; പിന്നാലെ ഇരട്ടക്കൊലയുടെ നടുക്കം; അനില ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയത് എന്തിന്?

കലിഫോർണിയ: ഓണാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ അമേരിക്കൻ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവതികളുടെ കൊലപാതകം. കലിഫോർണിയയിലെ മിൽപിറ്റാസിൽ അടുത്ത സുഹൃത്തുക്കളായിരുന്ന അഞ്ജനയും അനു മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. തൃശൂർ പീച്ചി–മണ്ണുത്തി സ്വദേശിനിയായ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ അനു മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരും ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റ് സമുച്ചയത്തിലായിരുന്നു മൂന്നു പേരും കുടുംബ സമേതം താമസിച്ചിരുന്നത്.

ഓണാഘോഷത്തിന് പിന്നാലെ ദുരന്തം

മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് അമേരിക്കൻ മലയാളി സമൂഹത്തിൽ നിന്നുള്ള വിവരം. ഈ വർഷത്തെ ഓണവും ഇവർ ഒരുമിച്ച് ആഘോഷിച്ചിരുന്നു. പരസ്പരം സൗഹൃദം പങ്കുവച്ച് കഴിഞ്ഞിരുന്ന ഇവരുടെ ജീവിതത്തിലേക്കാണ് ഓഗസ്റ്റ് 28ന് അപ്രതീക്ഷിതമായി ദുരന്തമെത്തിയത്. അപ്പാർട്മെന്റിനുള്ളിൽ വെച്ചാണ് അനു മേരി മാത്യു കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. തുടർന്ന് അഞ്ജനയെ അനില പാർക്കിങ് ലോട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഇവിടെവെച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം.

വാഹനമിടിച്ചെന്ന സന്ദേശം; സ്ഥലത്തെത്തിയപ്പോൾ യുവതി മരിച്ച നിലയിൽ

ഓഗസ്റ്റ് 28ന് ഉച്ചയോടെയാണ് മിൽപിറ്റാസ് പൊലീസിന് മിൽ ക്രീക്ക് അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ ഒരാളെ വാഹനം ഇടിച്ചെന്ന വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തി. പരിശോധനയിൽ ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മറ്റൊരു പാർക്കിങ് ലോട്ടിൽ കാര്യമായ കേടുപാടുകളോടെ ഉപേക്ഷിച്ച നിലയിൽ നീല നിറത്തിലുള്ള എസ്‌യുവി കണ്ടെത്തിയത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് ഇതേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന 32കാരിയായ അനിലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

ദുരൂഹത നീക്കാൻ അന്വേഷണം

മൂന്ന് സുഹൃത്തുക്കൾക്കിടയിൽ എന്താണ് സംഭവിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം, സംഭവങ്ങളുടെ കൃത്യമായ ക്രമം, ഇരുവരെയും ലക്ഷ്യമിട്ടതിന്റെ സാഹചര്യം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവവും മറ്റൊരു മലയാളി യുവതി പൊലീസ് കസ്റ്റഡിയിലായതും അമേരിക്കൻ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ ഇവരുടെ കുടുംബങ്ങളും ഞെട്ടലിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img