
തിരുവനന്തപുരം: മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തി മിൽമയിലെ കരാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടയാളെ പി.എസ്.സി. വഴി വീണ്ടും നിയമിക്കാൻ നീക്കം നടക്കുന്നതായി പരാതി. മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരനെ സീനിയർ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കമെന്നാണ് ആരോപണം. നിലവിലെ പി.എസ്.സി. റാങ്ക് പട്ടികയിൽ ഉദ്യോഗാർഥി ഒന്നാം സ്ഥാനത്താണ്.
സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്. നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച തസ്തികയിലായിരുന്നു മാർക്കറ്റിംഗ് കൺസൾട്ടന്റിന്റെ കരാർ നിയമനം എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം ഒരു ലക്ഷം രൂപയായിരുന്നു പ്രതിമാസ പ്രതിഫലമായി നൽകിയിരുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തസ്തിക സൃഷ്ടിച്ചതിന് ആവശ്യമായ അനുമതിയില്ലെന്നും നിയമനം ലഭിച്ച വ്യക്തിക്ക് ആവശ്യമായ യോഗ്യതയില്ലെന്നും കണ്ടെത്തിയത്. തുടർന്ന് കരാർ ജീവനക്കാരനെ ജോലിയിൽനിന്ന് ഒഴിവാക്കി.
എന്നാൽ, ഇതേ വ്യക്തിയെ പി.എസ്.സി. വഴി സീനിയർ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ നിയമിക്കാൻ ശ്രമം നടക്കുന്നതായാണ് പുതിയ പരാതി. നേരത്തെ യോഗ്യതയില്ലെന്ന് കണ്ടെത്തി പിരിച്ചുവിട്ട വ്യക്തിയെ മറ്റൊരു തസ്തികയിൽ നിയമിക്കുന്നത് നിയമന നടപടികളുടെ അട്ടിമറിയാണെന്നാണ് പരാതിക്കാരുടെ ആരോപണം.
നിയമനം നടത്തുന്നതിന് മുമ്പ് വിഷയത്തിൽ വിശദമായ പരിശോധന വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും ക്ഷീരവികസന വകുപ്പിനും ലഭിച്ച പരാതിയിൽ തുടർനടപടികൾ എന്താകുമെന്നത് ശ്രദ്ധേയമാണ്.










