
മിൽമ പാലിന് തൽക്കാലം വില കൂടില്ല. ഇന്നു ചേർന്ന ബോർഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പാലിനും പാൽ ഉൽപന്നങ്ങൾക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ വില വർധിപ്പിക്കേണ്ടെന്ന നിലപാടിൽ മിൽമ ബോർഡ് എത്തിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പാൽ വില വർധിപ്പിക്കണമെന്ന ശുപാർശയാണുള്ളതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
അതേസമയം, വില കൂട്ടാത്തതിൽ പ്രതിഷേധിച്ച് എറണാകുളം മേഖലാ പ്രതിനിധികൾ ബോർഡ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. റിപ്പോർട്ട് പഠിച്ചു നടപ്പാക്കാമെന്നു പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും എറണാകുളം മേഖലാ പ്രതിനിധികൾ പറഞ്ഞു. ലീറ്ററിന് അഞ്ചു രൂപ വരെ മിൽമ പാലിനു വില കൂട്ടാൻ സർക്കാരിനോടു ശുപാർശ ചെയ്യണമെന്ന നിർദേശമാണ് എറണാകുളം മേഖല യൂണിയൻ പ്രതിനിധികൾ മുന്നോട്ടു വച്ചിരുന്നത്.
എന്നാൽ, പാലിനും പാൽ ഉൽപന്നങ്ങൾക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിൽ ഇപ്പോൾ വില കൂട്ടേണ്ടതില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില വർധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്ന നിലപാടാണുളളതെന്നും ചെയർമാൻ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പാൽ വില വർധിപ്പിക്കണമെന്ന ശുപാർശയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.











