ഏതൊരു ആഘോഷമാകട്ടെ,
ഏതൊരു ഉത്സവമാകട്ടെ..., ആ ചടങ്ങിന് സദ്യയാണ് പ്രധാനം.
ഇത്തവണത്തെ ഓണം പക്ഷെ, അത്ര കണ്ട് മതിമറന്ന് ആഘോഷിക്കാൻ മലയാളികൾക്കാവില്ല. കാരണം വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പ്രഹരം ഓരോ മലയാളികളുടെയും കണ്ണ് നനയിച്ചിട്ടുണ്ട്. മനസ്സിന് ആഴത്തിലേറ്റ ആ മുറിവിന്റെ പശ്ചാത്തലത്തിൽ ഓണം പോലുള്ള ആഘോഷങ്ങളെല്ലാം അൽപ്പം നിയന്ത്രണത്തോടെയായിരിക്കും നടക്കുക.
വയനാടിന്റെ രോദനം ഒരു മുന്നറിയിപ്പുപോലെ അനുഭവപ്പെട്ട കഥകൾ ഇവിടെ പറയുന്നത് അനുപമ, ഡോ. ഷിനു ശ്യാമളൻ, ദൃശ്യ എന്നിവരാണ്.
ഇവരുടെ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തത് തൃശൂർ ജില്ലയിൽ മണ്ണുത്തിക്കടുത്ത് പാലക്കാടിന്റെ അതിർത്തിയോടടുത്ത് വട്ടായി എന്ന സ്ഥലത്താണ്. ഇവിടെ കാഴ്ചക്കാർക്ക് നല്ല അനുഭവം തരുന്ന ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. ആ വെള്ളച്ചാട്ടം പശ്ചാത്തലമാക്കി മൂന്നുപേരുടെയും ഓണചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തപ്പോൾ കർക്കിടകമഴ ഇങ്ങനെ കലിയിളകി വരുമെന്ന് ആരും കരുതിയില്ല.
മൂവരും ഓണാഘോഷത്തിൽ ഒരുങ്ങി വന്നപ്പോൾ അവർ നിൽക്കുന്നിടത്തോ ക്യാമറ ഉറപ്പിച്ചിരിക്കുന്നിടത്തോ പ്രകാശമില്ല. എങ്ങും ഇരുൾ മൂടികിടക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ കാർമേഘത്തുണ്ട് പെയ്തിറങ്ങി. അൽപ്പനേരം കൂടി കാത്തിരിക്കുമ്പോൾ ഇത്തിരിവെട്ടം അവർക്കരികിലെത്തി. ഏകദേശം അരമണിക്കൂർ നേരത്തിനിടയിൽ അവർ മൂന്നുപേരുടെയും കുറെ നിശ്ചലചിത്രങ്ങൾ ക്യാമറയ്ക്കുള്ളിലായി.
ഇനി മതിയെന്ന മട്ടിലായിരുന്നു പ്രകൃതിയും. വീണ്ടും മഴ തുടങ്ങി. വെള്ളച്ചാട്ടത്തിന് ഒഴുക്കുകൂടി. ഓണം ഷൂട്ട് അവസാനിച്ചു. പ്രകൃതിയുടെ താണ്ഡവം അപ്പോഴേക്കും വയനാടൻ ചുരം കടന്നിരുന്നു. അടുത്ത ദിനത്തിലെ പുലർച്ചയിൽ കേരളം കേട്ടത് ആ വലിയ ദുരന്തവാർത്തയായിരുന്നു.
ആരെ തോൽപ്പിച്ചാലും പ്രകൃതിയെ തോൽപ്പിക്കാനാവില്ലല്ലോ... ഈ വലിയ ദുരന്തത്തിൽ നിന്നും പഠിച്ച ഒരു പാഠം അതായിരുന്നു. അനുപമയോടും ദൃശ്യയോടും ഷിനുവിനോടുമായി ഓണസദ്യയെക്കുറിച്ചായിരുന്നു ചോദ്യം.
ഓണസദ്യയിൽ ഇഷ്ടപ്പെട്ട ഒരു വിഭവം ഏതാണ്?
ദൃശ്യ എം.എസ്. നായർ പറഞ്ഞു.
'സദ്യപോലെ എനിക്കിഷ്ടമുള്ള മറ്റൊരു ഭക്ഷണം വേറെയില്ല. മറ്റ് ചില ദേശങ്ങളിലെ സദ്യ കഴിച്ചിട്ടുണ്ടെങ്കിലും എനിക്കെപ്പോഴും തിരുവനന്തപുരം ഭാഗത്തെ സദ്യയാണിഷ്ടം. അതിലെനിക്കേറ്റവുമിഷ്ടം സാമ്പാറാണ്. എന്റെ അമ്മയുണ്ടാക്കുന്ന സാമ്പാറിന് അപാര രുചിയാണ്.'
വീട്ടിൽ അമ്മയെ പാചകകാര്യങ്ങളിൽ സഹായിക്കാറുണ്ടോ?
ദൃശ്യ: പാചകം എനിക്കിഷ്ടമാണ്. പച്ചക്കറി അരിയുന്നതും പാചകത്തിൽ അമ്മയെ സഹായിക്കുന്നതും രുചി നോക്കുന്നതും ഒക്കെ ഒരു രസമുള്ള അനുഭവം തന്നെയാണ്. പ്രത്യേകിച്ചും ഓണക്കറികൾ തയ്യാറാക്കുമ്പോൾ.
'അമ്മയുടെ ചെറുപ്പത്തിലെ ഓണത്തെപ്പറ്റി പറയുന്നതും തമാശകളൊക്കെ പങ്കുവയ്ക്കുന്നതുമെല്ലാം ഈ പാചകവേളയിലായിരിക്കും. അതൊക്കെ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടവുമാണ്. പാചകത്തിനിടയിലെ വാചകമടി ഞങ്ങൾ രണ്ടാളും ആസ്വദിക്കാറുമുണ്ട്.'
ഓണരുചികളെക്കുറിച്ചും ഓണസദ്യയിലെ ഇഷ്ടപ്പെട്ട വിഭവം ഏതാണെന്നും ഡോക്ടർ ഷിനുവിനോടും ചോദിച്ചു. ഷിനു പറഞ്ഞതിങ്ങനെ.
'ഓണവിഭവങ്ങളിൽ എനിക്കേറ്റവുമിഷ്ടം പച്ചടിയാണ്. എനിക്കെന്തോ പണ്ടുമുതലെ പച്ചടി വളരെ ഇഷ്ടമായിരുന്നു. അതൊരു പ്രത്യേക ഇഷ്ടം തന്നെയാണ്. പിന്നെ, പഴവും പായസവും ഒക്കെക്കൂടി ബോളി കഴിക്കാനും ഇഷ്ടമാണ്. അതെന്റെ ഫേവറിറ്റ് തന്നെയാണ്.'
'എന്റെ സ്വന്തം നാട് എരുമേലിയാണ്. നാട്ടിലുള്ള സമയത്ത് അമ്മയെ പാചകത്തിലുമൊക്കെ ഹെൽപ്പ് ചെയ്യും. ഞങ്ങൾ കുറെ കറികളുമൊക്കെ തലേദിവസം തന്നെ പാകം ചെയ്ത് വയ്ക്കും. ബാക്കി പിറ്റേന്ന്. അതാണ് പതിവ്.'
അനുപമയുടെ അഭിപ്രായങ്ങളറിയാം.
'എനിക്ക് സദ്യ പൊതുവെ വലിയ ഇഷ്ടമാണ്. ഓണം വരുമ്പോൾ ഓണസദ്യയ്ക്ക് തന്നെയാണ് പ്രാധാന്യം. ഓണസദ്യയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവം ഓലനാണ്.'
ഇപ്പോഴെന്നല്ല, ചെറുപ്പം മുതലെ അമ്മയെ സഹായിക്കാനും പാചകം ചെയ്യാനുമൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലാണ് ഞാൻ. എനിക്ക് തോന്നുന്നു, വളർന്നപ്പോഴാണ് മടി കൂടിയതെന്ന്. (അനുപമ ചിരിക്കുന്നു). പച്ചക്കറികൾ വൃത്തിയായി അരിഞ്ഞുകൊടുക്കുക, പായസമുണ്ടാക്കുമ്പോൾ ഒന്നിളക്കി കൊടുക്കുക, തേങ്ങ ചിരവി കൊടുക്കുക.. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം പണ്ടുമുതലെ ചെയ്ത് അമ്മയെ സഹായിക്കാറുണ്ടായിരുന്നു.
'പായസത്തിനുവേണ്ടി വാങ്ങി വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിങ്ങയുമൊക്കെ അമ്മ കാണാണ്ട് ഞാൻ അകത്താക്കും. പായസം ഉണ്ടാക്കാൻ നേരമാകുമ്പോഴേക്കും ഇതൊന്നും കാണില്ല. അതൊക്കെ മിക്കവാറും സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ പാചകത്തിനോടുള്ള താൽപ്പര്യം കൊണ്ട് പായസം ഞാനുണ്ടാക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ച് ഞാനതിനൊരുങ്ങി. ഒടുവിൽ അടുപ്പിൽ വച്ച് പാൽ തിളച്ച് തൂവിപ്പോയി. പായസം പിന്നെ അമ്മ രണ്ടാമത് ഉണ്ടാക്കുകയാണ് ചെയ്തത്.(അമ്മയുടെ കയ്യിൽ നിന്ന് ആ ദിവസം വഴക്കുകിട്ടി എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.)
കൊച്ചിൻ-തിരുവിതാംകൂർ പ്രദേശങ്ങളിലെല്ലാം വെജിറ്റേറിയൻ സദ്യയാണ് ഏവരും കഴിക്കുന്നതെങ്കിലും വടക്കൻ കേരളത്തിൽ മലബാർ ഭാഗങ്ങളിൽ അതായത്, കണ്ണൂർ, നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ മത്സ്യ-മാംസ വിഭവങ്ങളും സദ്യയുടെ ഭാഗമാണ്.
അനുപമ കണ്ണൂർ സ്വദേശിയാണ്. അവിടുത്തെ ഓണസദ്യയുടെ ഈ പ്രത്യേകതയെക്കുറിച്ച് അനുപമയോട് ചോദിക്കുകയുണ്ടായി.
'ഞങ്ങൾ കണ്ണൂർകാർക്ക് എപ്പോൾ സദ്യ ആയാലും അത് നോൺവെജ് സദ്യയായി മാറിയാൽ വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. തിരുവോണത്തിനും അങ്ങനെതന്നെ. എല്ലാ കറികളും വെജിറ്റേറിയനാണെങ്കിലും ഇലയുടെ അരികിൽ ഒരു ചിക്കൻ കറിയോ ചിക്കൻ ഫ്രൈയോ ഉണ്ടാകുന്നതാണ് കണ്ണൂർക്കാർക്കിഷ്ടം. മിക്കവാറും വീടുകളിലെ ഓണസദ്യയിൽ ചിക്കനോ മീനോ കാണും. അതാണ് പതിവ്. എങ്കിലും പറയട്ടെ, അത്തം നാൾ മുതൽ ഓണം വരെ വെജ് ഫുഡ് മാത്രം കഴിക്കുന്നവരുമുണ്ട്.
അനുപമ പറയുകയുണ്ടായി.
ഇനി ഇവരുടെ പ്രൊഫൈൽ.
അനുപമ രണ്ട് സിനിമകളിൽ അഭിനയിച്ചു. ആദ്യസിനിമ 'എഴുത്തോല' ആയിരുന്നു.
അത് ഒരു ഫെസ്റ്റിവൽ മൂവി ആയിരുന്നു. അതിന് കുറെ അവാർഡുകളൊക്കെ കിട്ടി. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പിന്നെ, ഒരു തമിഴ് സിനിമയിലും അഭിനയിച്ചു. അത് റിലീസായിട്ടില്ല.
മോഡലിംഗിലൂടെയാണ് ഷിനുശ്യാമളൻ സിനിമയിലെത്തുന്നത്. ആദ്യചിത്രം പത്തൊൻപതാം നൂറ്റാണ്ടാണ്. അടുത്തിടെ റിലീസായ 'പാലും പഴവും' ആണ് മറ്റൊരു ചിത്രം. ഓ ബേബി എന്നൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഹൗഡിനി, പത്മിനി, ഐഡന്റിനി എന്നിവയാണ് അഭിനയിച്ചുപൂർത്തിയാക്കിയ സിനിമകൾ. എരുമേലി സ്വദേശിയായ ഷിനു ശ്യാമളൻ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിക്കുന്നതുകൊണ്ട് തൃശൂരാണ് താമസം.
സീ കേരളം ചാനലിൽ വന്ന 'മിഴിരണ്ടിലും' എന്ന സീരിയലിലൂടെയാണ് ദൃശ്യ എം.എസ്. നായർ അഭിനയരംഗത്തെത്തുന്നത്. ഏഷ്യാനെറ്റിലെ 'നമ്മൾ', 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം', സൂര്യാ ടി.വിയിലെ 'കോൺസ്റ്റബിൾ മഞ്ജു' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ദൃശ്യ ഇപ്പോൾ ഫ്‌ളവേഴ്‌സ്, ചാനലിൽ വന്നുകൊണ്ടിരിക്കുന്ന 'പഞ്ചാഗ്നി' എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. 'പഞ്ചാഗ്നി'യിൽ നായകന്റെ അനിയത്തിവേഷം ചെയ്യുന്നു.
ദൃശ്യ ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയജീവിതത്തിലെ വലിയൊരു ലക്ഷ്യമാണ് സിനിമയെന്ന് പറഞ്ഞു. ഒരു സിനിമയിൽ ചെറിയ ഒരു വേഷത്തിനായി അവസരം വന്നതായിരുന്നു. അന്ന് പോകാൻ കഴിയാത്തതിൽ നല്ല വിഷമവുമുണ്ട്- ദൃശ്യയുടെ വാക്കുകൾ.
ഓണപ്പാട്ടിനെക്കുറിച്ചാകട്ടെ അടുത്ത വർത്തമാനം. ഇഷ്ടപ്പെട്ട ഓണപ്പാട്ട് ഏതാണ്?
മൂന്നുപേരോടുമായി ചോദിച്ചു.
അനുപമ: എനിക്കേറ്റവും ഇഷ്ടപ്പെട്ട ഓണപ്പാട്ട് ആദ്യം മനസ്സിൽ വരുന്നത് പൂവെ പൊലി പൂവെയാണ്.. ഓണം വരുമ്പോൾ നാടിന്റെ ഏതൊരു ഭാഗത്തുനിന്നും എപ്പോഴും കേൾക്കുന്ന ഒരു പാട്ട് ഇതുതന്നെയാണെന്ന് എനിക്ക് തോന്നുന്നു. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടുന്നതുപോലെ എനിക്ക് തോന്നാറുണ്ട്. എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പാട്ട് ഇതുതന്നെയാണ്.
ദൃശ്യ: എനിക്ക് എല്ലാ ഓണപ്പാട്ടുകളും ഇഷ്ടമാണ്. എങ്കിലും ഏറ്റവും ഇഷ്ടമായ ഓണപ്പാട്ട് 'ഉത്രാട പൂനിലാവേ വാ...' ആണ്.
ഷിനു: ഓണപ്പാട്ടുകൾ ഇഷ്ടമാണ്. പാടാറില്ലെന്നുമാത്രം. ഓണക്കാലത്ത് ഓണപ്പാട്ടുകൾ കൂടി കേൾക്കുമ്പോഴല്ലേ ആ ആഘോഷം കൂടുതൽ തിളക്കമുള്ളതും മനസ്സിനെ ആനന്ദകരമാക്കി മാറ്റുന്നതും...