12:53am 26 May 2026
NEWS
പാൽ വില വർധന കണ്ണിൽ പൊടിയിടൽ മാത്രം സംഭരണ വില 10 രൂപ കൂട്ടണമെന്ന് MDFA
21/05/2026  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാൽ വില വർധന കണ്ണിൽ പൊടിയിടൽ മാത്രം സംഭരണ വില 10 രൂപ കൂട്ടണമെന്ന് MDFA

മലപ്പുറം : കഴിഞ്ഞ സർക്കാരിന്റെ നിർദേശപ്രകാരം മിൽമ നാമമാത്രമായി വർധിപ്പിച്ച പാൽ വില "കണ്ണിൽ പൊടിയിടൽ" മാത്രമാണെന്നും, കർഷകരെ രക്ഷിക്കാൻ ഉൽപാദന ചെലവിന് അനുസരിച്ച് സംഭരണ വില 10 രൂപയെങ്കിലും ഉടൻ വർധിപ്പിക്കണമെന്നും, മിൽമ ചാർട്ട് പരിഷ്കരിക്കണമെന്നും മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (MDFA) സംസ്ഥാന കമ്മിറ്റി പുതിയ സർക്കാരിനോടും മിൽമയോടും അഭ്യർത്ഥിച്ചു.

"കഴിഞ്ഞ നാല് വർഷത്തിനിടെ കാലിത്തീറ്റ, തൊഴിലാളി വേതനം, വൈദ്യുതി, മരുന്ന്, ഗതാഗത ചെലവ് തുടങ്ങി ക്ഷീരോൽപാദനവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും 40 ശതമാനത്തിലധികം വർധിച്ചു. ഈ സാഹചര്യത്തിൽ നിലവിലെ നാമമാത്ര വർധന കൊണ്ട് കർഷകർക്ക് പിടിച്ചുനിൽക്കാനാവില്ല," MDFA സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കന്നുകാലി സെൻസസ് പ്രകാരം സംസ്ഥാനത്തെ കാലിസമ്പത്ത് 13.5 ലക്ഷത്തിൽ നിന്ന് 9.5 ലക്ഷമായി കുത്തനെ ഇടിഞ്ഞത് ക്ഷീരമേഖലയുടെ തകർച്ച വ്യക്തമാക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. "സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കേരളം പാലിന് പൂർണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. ചെറുകിട കർഷകർ ഇല്ലാതാവുകയും ഫാമുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുകയും ചെയ്യും," MDFA പറഞ്ഞു.

പാൽ വില ശാസ്ത്രീയമായി പുനഃക്രമീകരിച്ച് ക്ഷീരമേഖല നിലനിർത്തണമെന്നും പുതിയ സർക്കാരും ക്ഷീരവികസന വകുപ്പും അടിയന്തരമായി ഇടപെടണമെന്നും MDFA അഭ്യർത്ഥിച്ചു.

പുതിയ സർക്കാർ കർഷക അനുകൂല നയം സ്വീകരിച്ച് മിൽമയുടെ അശാസ്ത്രീയ നയങ്ങൾ തിരുത്തുമെന്ന് MDFA സംസ്ഥാന കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാന രക്ഷാധികാരി താജ് മൻസൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ലില്ലി മാത്യു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഹദ് മോങ്ങം സ്വാഗതവും സംസ്ഥാന ട്രഷറർ അമ്മദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

അഭിലാഷ് പുൽപ്പള്ളി, അലവി ഹാജി, ക്രിസ്റ്റി ജോൺ നിലമ്പൂർ, ഷിജിൻ കോഴിക്കോട്, ലിനി മാനന്തവാടി, മത്തായി വയനാട്, രവി മുക്കോല, അജിത് ചെത്തല്ലൂർ, ഹംസ മണ്ണാർക്കാട്, ശിവകുമാർ ചിറ്റൂർ, ജോയ് പോൾ തോമസ്, സതീഷ് പുത്തൻമഠത്തിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img