
ബ്രോട്ടിസ്ലാവ:സ്ലൊവാക്യയിൽ നടക്കുന്ന മിലിട്ടറി ലോക സ്കൈഡൈവിംഗ് ചാമ്പ്യൻഷിപ്പ് ഖത്തർ ദേശീയ സ്കൈഡൈവിംഗ് ടീമിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാകുമെന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി (QASC) സെക്രട്ടറി ജനറൽ ക്യാപ്റ്റൻ ഹസ്സ ഹമദ് അൽ അതിയ്യ. ലോകത്തിലെ മുൻനിര ടീമുകളോട് മാറ്റുരയ്ക്കുന്നത് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധി തലവന്മാർ പങ്കെടുത്ത ഉപഹാര സമർപ്പണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകോത്തര താരങ്ങളോട് മത്സരിക്കുന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, അനുഭവസമ്പത്ത് നേടാനും കളിക്കാരുടെ വ്യക്തിഗത ശേഷി തെളിയിക്കാനും ഇത് മികച്ച അവസരമൊരുക്കുന്നു.
ഖത്തറിലെ വ്യോമ കായിക രംഗം കൈവരിച്ച വൻ പുരോഗതിയും മികവും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.അൽ ഹദഫ്' ടീം വിഭാഗത്തിലാണ് ഖത്തർ അണിനിരക്കുന്നത്. സീനിയർ ഇൻഡിവിജ്വലിൽ മുഹമ്മദ് അൽ മറിയും, ടീം ഇനത്തിൽ അബ്ദുൽ അസീസ് അബ്ദുള്ള, ഖാലിദ് ഷാജിയ, സ്വാലിഹ് അൽ ഉബൈദ്ലി, മുഹമ്മദ് അൽ അത്താസ് എന്നിവരും, ജൂനിയർ വിഭാഗത്തിൽ അലി അൽ യാഫി, സ്വാലിഹ് അൽ കർബി എന്നിവരും ഖത്തറിനായി കളംപിടിക്കും.
33 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന പോരാട്ടം ഓഗസ്റ്റ് 23 വരെ തുടരും. വരാനിരിക്കുന്ന വൻകിട അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കാനും 'ടാർഗെറ്റ്' ടീമിന് കരുത്തുപകരാനുമാണ് ഖത്തർ ലക്ഷ്യമിടുന്നത്.










