
ദോഹ:ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ഉന്നത രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ പ്രദർശനമായ 'മിലിപോൾ ഖത്തർ 2026'-ന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി നിർവഹിച്ചു. ആഗോളതലത്തിലെ പ്രമുഖ കമ്പനികളും സുരക്ഷാ വിദഗ്ധരും പങ്കെടക്കുന്ന പ്രദർശനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ച ആഭ്യന്തര മന്ത്രി, "അമീറിന്റെ രക്ഷാകർതൃത്വത്തിൽ മിലിപോൾ ഖത്തർ 2026 ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആഗോള തലത്തിലെ വിദഗ്ധരെയും കമ്പനികളെയും ഒരുമിച്ച് കൊണ്ടുവരാനും, അനുഭവങ്ങൾ പങ്കുവെക്കാനും, സുരക്ഷാ മേഖലയിലെ നിക്ഷേപ സഹകരണ അവസരങ്ങൾ വിപുലീകരിക്കാനും ഈ പ്രദർശനം വഴിയൊരുക്കും" എന്ന് വ്യക്തമാക്കി.
മില്ലിപോൾ ഖത്തറിന്റെ അനുബന്ധമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും തമ്മിൽ 2027 മുതൽ 2030 വരെയുള്ള കാലയളവിലേക്കുള്ള സുരക്ഷാ സഹകരണ കർമ്മപദ്ധതിയിൽ ഒപ്പുവെച്ചതിന് ആഭ്യന്തര മന്ത്രി സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ഈ സുപ്രധാന കരാർ ഒപ്പുവെച്ചത്










