
പി വി എ നാസർ
ദോഹ:ആകാശച്ചെരുവിലൂടെആയിരക്കണക്കിന് കിലോമീറ്ററുകൾ ചിറകടിച്ചുയർന്ന്, ഖത്തറിന്റെ മണ്ണിലേക്ക് ശരത്കാലത്തിന്റെ മനോഹരമായ അതിഥികൾ പറന്നിറങ്ങുകയാണ്. യൂറോപ്പിലെയും സൈബീരിയയിലെയും മഞ്ഞുകാലത്തിന് മുൻപേ യാത്രതിരിച്ച ഈദേശാടനപ്പക്ഷികൾ ഖത്തറിന്റെ തീരങ്ങളെയും കണ്ടൽക്കാടുകളെയും തങ്ങളുടെ താവളമാക്കുന്നു.
മേഘങ്ങളിലൂടെയുള്ള നീണ്ട പ്രയാണത്തിന് ഒടുവിൽ ചിലർ ഇവിടെ ഏതാനും ദിവസങ്ങൾ മാത്രം വിശ്രമിച്ച് ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും യാത്ര തുടരുമ്പോൾ, മറ്റു ചിലർ ഈ മരുഭൂമിയിലെ തണുപ്പുകാലം മുഴുവൻ ഇവിടെത്തന്നെ ചെലവഴിക്കുന്നു. അൽ-തഖീറയിലെ പച്ചപ്പുനിറഞ്ഞ കണ്ടൽ കാടുകളും ഖോർ അൽ-ഉദൈദിലെ ഉപ്പുപാടങ്ങളും അൽ-ഖോർ ദ്വീപുകളുമെല്ലാം ഈ പറവക്കൂട്ടിന് സമൃദ്ധമായ ഇരയും വിശ്രമവും നൽകുന്നു.
നീലക്കണ്ണൻ പൂച്ചപ്പൊൻമാൻ (Blue-cheeked bee-eater), കടൽകാക്കകൾ, വിവിധയിനം വേട്ടപ്പക്ഷികൾ എന്നിവ ആകാശത്ത് വർണ്ണങ്ങൾ വിതറുമ്പോൾ, അത് പ്രകൃതിയുടെ അത്ഭുതകരമായ ജീവനച്ചക്രം തന്നെയാണ് വെളിപ്പെടുത്തുന്നത്. കൃഷിയിടങ്ങളിലെ കീടങ്ങളെ നശിപ്പിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഈ കുഞ്ഞുപക്ഷികൾ വലിയ പങ്കുവഹിക്കുന്നു.
അതേസമയം, പരമ്പരാഗതമായ വേട്ടയാടൽ രീതികൾക്ക് വ്യക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കൊണ്ട്, അപൂർവ്വയിനം പക്ഷികളെ സംരക്ഷിക്കാനും ഖത്തർ പരിസ്ഥിതി മന്ത്രാലയം ശ്രദ്ധ പുലർത്തുന്നുണ്ട്. കിലോമീറ്ററുകൾ താണ്ടിയെത്തുന്ന ഈ കുഞ്ഞുതീർത്ഥാടകരെ ഭയപ്പെടുത്താതെ, ദൂരത്തുനിന്ന് കാണാനും ക്യാമറകളിൽ പകർത്തി ആസ്വദിക്കാനും പ്രകൃതിസ്നേഹികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്










