06:57am 08 September 2026
NEWS
ഖത്തറിൽ അമേരിക്ക–ഇറാൻ പരോക്ഷചർച്ച; ഹോർമൂസ് വിഷയത്തിൽ താൽക്കാലിക ധാരണ; അന്തിമകരാർ ഇനിയും അകലെയെന്ന് റിപ്പോർട്ട്
02/07/2026  11:37 AM IST
nila
ഖത്തറിൽ അമേരിക്ക–ഇറാൻ പരോക്ഷചർച്ച; ഹോർമൂസ് വിഷയത്തിൽ താൽക്കാലിക ധാരണ; അന്തിമകരാർ ഇനിയും അകലെയെന്ന് റിപ്പോർട്ട്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ദീർഘകാല പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തറിൽ അമേരിക്കയും ഇറാനും മധ്യസ്ഥർ മുഖേന നടത്തിയ പരോക്ഷ ചർച്ചകൾ അനുകൂലമായ അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന ചർച്ചയിൽ ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും ചില ധാരണകളിലെത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഹോർമൂസ് കടലിടുക്കിൽ ഒരാഴ്ചത്തേക്ക് സംഘർഷം ലഘൂകരിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനിയും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുവെന്നാണ് സൂചന.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ നടക്കുന്നതിനാൽ, അടുത്തഘട്ട ചർച്ചകൾ അതിനുശേഷമേ പുനരാരംഭിക്കൂവെന്നാണ് ലഭിക്കുന്ന വിവരം.

അന്തിമ കരാറിലേക്കുള്ള വഴിയിലെ പ്രധാന തടസ്സങ്ങളെ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികൾ മുഖേന ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒപ്പുവെച്ച ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

അതേസമയം, ഖത്തറിലെത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരദ് കുഷ്‌നറും സാങ്കേതികതല ചർച്ചകളിൽ പങ്കെടുത്തില്ല. എന്നാൽ, ഇരുവരും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.

വിദേശകാര്യ സഹമന്ത്രി കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധിസംഘം നാട്ടിലേക്ക് മടങ്ങുമെങ്കിലും യു.എസ്. പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാരാന്ത്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇടക്കാല സമാധാന കരാർ അന്തിമമാക്കാനുള്ള നീക്കങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. ചൊവ്വാഴ്ച ഖത്തറിൽ ചർച്ച നടക്കുമെന്ന് അമേരിക്കയും പ്രധാന മധ്യസ്ഥരായ പാകിസ്താനും അറിയിച്ചിരുന്നെങ്കിലും, നേരിട്ടുള്ള ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തറും ഇറാനും പിന്നീട് വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിലാണ് ഇനി അന്തിമ ധാരണയിലെത്തേണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img