
മനുഷ്യശരീരത്തിലേക്കെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വലിയതോതിൽ വർധിച്ചെന്ന് ഗവേഷകർ. 2016 മുതൽ 2024 വരെയുള്ള എട്ടുവർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഒരാഴ്ചയിൽ അഞ്ചുഗ്രാം പ്ലാസ്റ്റിക്കാണ് മനുഷ്യശരീരത്തിലെത്തുന്നതെന്നും ആൽബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ വ്യക്തമായി.
തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന് കാരണമാകുന്നെന്നും ഗവേഷണത്തിൽ വ്യക്തമായി. 2016 വരെ മരിച്ച 28 പേരുടെയും 2024-ൽ മരിച്ച 24 പേരുടെയും തലച്ചോറാണ് പഠനവിധേയമാക്കിയത്. ഇതിൽ മറവിരോഗമുണ്ടായിരുന്ന 12 പേരുടെ തലച്ചോറിൽ പത്തുശതമാനം പ്ലാസ്റ്റിക് കൂടുതലായിരുന്നു. ശരാശരി ഏഴുഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. നേച്ചർ മെഡിസിൻ ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.