
ചെങ്ങന്നൂർ: നെൽകൃഷി മേഖലയിൽ അധികവിളവ് ലക്ഷ്യമിട്ട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന -സൂക്ഷ്മപോഷിണി- പദ്ധതിയുടെ ഭാഗമായുള്ള ശിൽപ്പശാല 16 ന് (ബുധൻ) പുലിയൂർ പഞ്ചായത്ത് ഹാളിൽ നടക്കും .രാവിലെ ഒൻപതിന് രജിസ്ട്രേഷൻ,
ശിൽപ്പശാല സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ മുഖ്യാതിഥിയാകും.
2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലുൽപ്പാദനം വർധിപ്പിക്കാനും ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് സൂക്ഷ്മപോഷിണി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാടശേഖര സമിതികളെയും പഞ്ചായത്തുകളെയും ഏകോപിപ്പിച്ചുകൊണ്ട് കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനാണ് ഈ ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ സുസൻ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിതിൻ ചെറിയാൻ, ജി. കൃഷ്ണകുമാർ, ടി. വിശ്വനാഥൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. പി. സിന്ധു, ആത്മാ പ്രോജക്ട് ഡയറക്ടർ എസ്. സുനിത, പുലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് രതി സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി ഓഫീസമാർ, മറ്റ് ജനപ്രതിനിധികൾ, കാർഷിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിക്കും. ചെങ്ങന്നൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ എഴുപതോളം പാടശേഖരങ്ങളിലെ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ ശില്പശാലയിൽ പങ്കെടുക്കും










