03:47pm 24 June 2026
NEWS
മൈക്രോ ഫിനാൻസ് ഓർഡിനൻസ് നിയമമായി ; കർണാടകത്തിലെ ചെറുകിട പണമിടപാടുകാർ നെട്ടോട്ടത്തിൽ
13/02/2025  11:47 AM IST
വിഷ്ണുമംഗലം കുമാർ
മൈക്രോ ഫിനാൻസ് ഓർഡിനൻസ് നിയമമായി; കർണാടകത്തിലെ ചെറുകിട പണമിടപാടുകാർ  നെട്ടോട്ടത്തിൽ

രണ്ടാമതും സമർപ്പിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ കർണാടകത്തിലെ മൈക്രോ ഫിനാൻസ് മേഖലയിൽ കർശനമായ നിയമം നിലവിൽ വന്നു. വായ്പാസ്ഥാപനങ്ങളുടെ ഭീഷണിയിൽ നിന്ന് ഉപഭോക്താവിന് പരിരക്ഷ നൽകുന്ന നിയമമാണിത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, വായ്പാ കമ്പനികൾ എന്നിവ ജില്ലാ കളക്ടർ മുമ്പാകെ മുപ്പതുദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അമിത പലിശ ഈടാക്കുന്നതും ബലം പ്രയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്നതും പുതിയ നിയമപ്രകാരം പത്തുവർഷം വരെ തടവും അഞ്ചുലക്ഷം വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് വായ്പ നൽകാനോ തിരിച്ചുപിടിക്കണോ നിയമപരമായ അവകാശം ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തവർ തുക തിരിച്ചടക്കേണ്ടതില്ല. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ വായ്പകൾ നൽകുമ്പോൾ നിയമനുസൃതമല്ലാത്ത തോതിൽ പലിശ ഈടാക്കാനോ ഈടുവസ്തുക്കൾ കൈപ്പറ്റാനോ പാടില്ല. തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതും സമ്മർദ്ദം ചെലുത്തുന്നതും കുറ്റകരമാണ്. ചെറുതുകകൾ വായ്പ നൽകി പാവപ്പെട്ടവരെ പിഴിയുന്ന ആയിരക്കണക്കിന് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഗ്രൂപ്പുകളും വ്യക്തികളും കർണാടകത്തിലുണ്ട്. ഒട്ടുമിക്കതും രജിസ്റ്റർ ചെയ്യാതെയും ഗവണ്മെന്റിന് കണക്ക് കാണിക്കാതെയും പ്രവർത്തിക്കുന്നവയാണ്. ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പയ്ക്ക് പ്രതിമാസം പത്തു ശതമാനം വരെ പലിശയും വീഴ്ചവരുത്തിയാൽ പിഴപ്പലിശയും ഈടാക്കുന്നവരുണ്ട്. കൃഷിക്കാർ, വഴിയോര കച്ചവടക്കാർ, ദിവസക്കൂലിക്കാർ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരാണ് മൈക്രോ ഫിനാൻസുകാരുടെ കൊടുംചൂഷണത്തിന് വിധേയമാകുന്നത്. വഴിയോരകച്ചവടക്കാർക്കും മറ്റും രാവിലെ നൂറിന് എൺപത്തഞ്ച് എന്ന കണക്കിൽ നൽകി വൈകീട്ട് നൂറ് പിടിച്ചുവാങ്ങുന്ന ബ്ലേഡുകാർ ബംഗളുരുവിൽ നിരവധിയാണ്. അതായത് രാവിലെ 850 രൂപ വായ്പയെടുക്കുന്ന വഴിയോര കച്ചവടക്കാരൻ വ്യാപാരം ചെയ്താലും ഇല്ലെങ്കിലും ലാഭമുണ്ടാക്കിയാലും ഇല്ലെങ്കിലും വൈകീട്ട് ആയിരം രൂപ തിരിച്ചടക്കണം. പലപ്പോഴും പലിശയടക്കാനുള്ള ലാഭം പോലും കച്ചവടക്കാർക്ക് കിട്ടാറില്ല. ഗുണ്ടകളെപോലെയാണ് ഇടപാടുകാരോട് വായ്പാസംഘ ങ്ങൾ പെരുമാറുക. പുതിയ നിയമം ഈ മേഖലയിൽ നിലനിൽക്കുന്ന കൊടിയ ചൂഷണത്തിന് തെല്ലെങ്കിലും ശമനമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. തെറ്റായി വ്യാഖ്യാനിക്കുകയോ ദുരുപയോഗം ചെയ്യുകയോ വായ്പ നൽകുന്ന സ്ഥാപനങ്ങളെ അന്യായമായി ഉപദ്രവിക്കുകയോ ചെയ്യരുതെന്ന
നിർദ്ദേശത്തോടെയാണ് ഗവർണർ താവർചന്ദ് ഗെലോട്ട് ഓർഡിനൻസിൽ ഒപ്പുവെച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img