
പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരം മിഷേൽ ട്രാഷ്റ്റൻബെർഗിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെത്തുടർന്ന് ചില ആരോഗ്യപ്രശ്‌നങ്ങൾ താരത്തെ അലട്ടിയിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നു.
പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാൻഹാട്ടനിലെ അപ്പാർട്ട്‌മെന്റിലാണ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽസംഘം അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ നടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അമേരിക്കൻ ടി.വി. സീരിസുകളിലൂടെയാണ് മിഷേൽ ശ്രദ്ധേയയായത്. മൂന്നാംവയസ്സിൽ ടി.വി. പരസ്യചിത്രത്തിലൂടെയാണ് മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി. 'ദി അഡ്വഞ്ചർ ഓഫ് പെറ്റെ ആൻഡ് പെറ്റെ', 'ഹാരിയറ്റ് ദി സ്‌പൈ' തുടങ്ങിയ സീരിസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്തു. 'ബഫി ദി വാംപിയർ സ്ലേയർ' എന്ന ടി.വി. സീരിസാണ് നടിയെ ഏറെ പ്രശസ്തയാക്കിയത്. ഇത് കരിയറിൽ വലിയ ബ്രേക്കായി. പിന്നാലെ ഒട്ടേറെ സീരിസുകളിലും മിഷേൽ അഭിനയിച്ചു.











