
ഫോർമുല വൺ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന മുന്നേറ്റം. 2013ലുണ്ടായ അപകടത്തെ തുടർന്ന് 12 വർഷത്തോളമായി കിടപ്പിലായിരുന്ന ഷൂമാക്കർ കിടക്കയിൽ നിന്നും പുറത്തേക്കു കടന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന് ഇപ്പോൾ നിവർന്ന് നിൽക്കാനും വീൽചെയറിന്റെ സഹായത്തോടെ വീട്ടിനകത്ത് സഞ്ചരിക്കാനും ഇപ്പോൾ അദ്ദേഹത്തിന് കഴിയുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇത് ഒരു യാദൃശ്ചിക ‘മെഡിക്കൽ മിറാക്കിൾ’ അല്ല. ഷൂമാക്കറുടെ ജീവിതത്തിലേക്ക് ഈ മാറ്റം കൊണ്ടുവന്നത് ഭാര്യ കൊറീന ഷൂമാക്കറുടെ അചഞ്ചലമായ പിന്തുണയും ദീർഘകാല പരിശ്രമവുമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്‌സർലൻഡിലെയും സ്‌പെയിനിലെയും വസതികളിൽ ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയ കൊറീന, കർശനമായ സ്വകാര്യതയും ഉറപ്പാക്കി.
24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഷൂമാക്കർ കഴിഞ്ഞിരുന്നത്. പരിചയസമ്പന്നരായ നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ വിദഗ്ധരായ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഈ ചികിത്സകളുടെ ഫലമായി ഷൂമാക്കറിന് ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധം തിരിച്ചുകിട്ടിയതായാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യനിലയിൽ ഇനിയും പുരോഗതി പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
2013 ഡിസംബർ 29-ന് ഫ്രഞ്ച് ആൽപ്‌സിലെ മെറിബെൽ റിസോർട്ടിൽ അവധി ആഘോഷത്തിനിടെയായിരുന്നു താരം അപകടത്തിൽപെട്ടത്. മകനൊപ്പം സ്‌കീയിങ് ചെയ്യുന്നതിനിടെ ട്രാക്കിന് പുറത്തേക്ക് വഴുതിയ ഷൂമാക്കർ പാറയിൽ തല ഇടിച്ച് വീണു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആഘാതത്തിൽ ഹെൽമറ്റ് തകരുകയും തലച്ചോറിന് ഗുരുതര പരിക്ക് സംഭവിക്കുകയും ചെയ്തു.
അടിയന്തര ശസ്ത്രക്രിയകൾക്കുശേഷം മാസങ്ങൾ നീണ്ട കോമാവസ്ഥയ്ക്ക് ശേഷം 2014 ജൂണിലാണ് ഷൂമാക്കർ ബോധത്തിലേക്ക് മടങ്ങിയത്. തുടർന്ന് നീണ്ട നിശ്ശബ്ദതയും സ്വകാര്യതയും നിറഞ്ഞ വർഷങ്ങൾ. ഇപ്പോൾ പുറത്തുവരുന്ന ഈ വാർത്ത, ഒരുകാലത്ത് ലോകത്തെ വേഗത്തിന്റെ അതിരുകളിലേക്ക് നയിച്ച ചാമ്പ്യന്റെ ജീവിതത്തിലേക്ക് വീണ്ടും വെളിച്ചം മടങ്ങിവരുന്നുവെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.











