12:57pm 11 November 2026
NEWS
ഖത്തറിൽ എം.എഫ്. ഹുസൈൻ മ്യൂസിയം നവംബർ 28ന് തുറക്കും
02/10/2025  05:20 AM IST
nila
ഖത്തറിൽ എം.എഫ്. ഹുസൈൻ മ്യൂസിയം നവംബർ 28ന് തുറക്കും

ദോഹ : ലോകപ്രശസ്ത ഇന്ത്യൻ ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈന്റെ (1915–2011) കലാജീവിതത്തെ അനുസ്മരിപ്പിച്ച് ഖത്തറിലെ ദോഹയിൽ “ലൗഹ് വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം” നവംബർ 28ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
ഡൽഹി ആസ്ഥാനമായ ആർക്കിടെക്റ്റ് മാർതാണ്ട് ഖോസ്ലയുടെ രൂപകല്പനയിൽ, ഹുസൈൻ അവസാന കാലത്ത് വരച്ചിരുന്ന ഒരു സ്കെച്ചിന്റെ രൂപമാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്. പ്രദർശനങ്ങളുടെ ക്യുറേറ്ററായി ഖത്തർ ഫൗണ്ടേഷനിലെ നൂഫ് മുഹമ്മദ് പ്രവർത്തിക്കുന്നു.
1950കളിൽ നിന്നാരംഭിച്ച് 2011ൽ കലാകാരൻ മരണമടയുന്നതുവരെ നടത്തിയ സൃഷ്ടിപ്രവാഹത്തിന്റെ യാത്രയാണ് മ്യൂസിയം അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച്, ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഷൈഖാ മോസ ബിൻത് നാസറിന് വേണ്ടി അറബ് സംസ്കാരത്തിൽ നിന്നുള്ള പ്രചോദനത്തോടെ ഹുസൈൻ വരച്ച 35-ത്തിലധികം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ഹുസൈൻ പദ്ധതിയിട്ടിരുന്ന 99 ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണിവ.
1915ൽ മഹാരാഷ്ട്രയിലെ പണ്ടർപൂരിൽ ജനിച്ച ഹുസൈൻ, മുംബൈയിൽ സിനിമാ ബോർഡ് ചിത്രകാരനായാണ് കരിയർ ആരംഭിച്ചത്. പിന്നീട് പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പിൽ ചേർന്ന് ഇന്ത്യൻ മോഡേൺ ആർട്ട് രംഗത്ത് മുൻനിരയിൽ എത്തിയ അദ്ദേഹം, 1990കളിൽ ആരംഭിച്ച മതവിവാദങ്ങൾ കാരണം 2006 മുതൽ പ്രവാസജീവിതം നയിക്കേണ്ടി വന്നു. ദോഹ, ദുബൈ, ലണ്ടൻ എന്നിവിടങ്ങളിൽ താമസിച്ച ഹുസൈൻ 2010ൽ ഖത്തർ പൗരത്വം സ്വീകരിച്ചു. 2011ൽ ലണ്ടനിൽ അന്തരിച്ചു.
2025ൽ ഹുസൈന്റെ 1954ലെ ഒരു ചിത്രം ക്രിസ്റ്റീസിൽ 118 കോടി രൂപ വിലയ്ക്കാണ് വിറ്റത്. ഇന്ത്യയിൽ നിന്നുള്ള ഒരു ചിത്രകാരന്റെ കലാസൃഷ്ടിക്ക് ലഭിച്ച ഏറ്റവും വലിയ വിലയായി ചരിത്രത്തിൽ ഇത് ഇടം നേടി.
“സൃഷ്ടിപരമായ പഠനത്തിനുംകലാപ്രചോദനത്തിനുമായി തുറന്ന ഇടമാണ് ഈ മ്യൂസിയം. ഹുസൈന്റെ കല ലോകത്തോട് പങ്കുവെയ്ക്കാനുള്ളൊരു വഴിയാണി തെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img