12:58am 18 January 2026
NEWS
ഇന്ത്യക്ക് വൻ തിരിച്ചടി; അമേരിക്കയ്ക്ക് പിന്നാലെ മെക്സിക്കോയും തീരുവ വർധിപ്പിച്ചു
11/12/2025  03:48 PM IST
nila
ഇന്ത്യക്ക് വൻ തിരിച്ചടി; അമേരിക്കയ്ക്ക് പിന്നാലെ മെക്സിക്കോയും തീരുവ വർധിപ്പിച്ചു

അമേരിക്കയ്ക്ക് പിന്നാലെ മെക്സിക്കോയും ഇന്ത്യയെയും മറ്റു ഏഷ്യൻ രാജ്യങ്ങളെയും ലക്ഷ്യമാക്കി ഉയർന്ന ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പരമാവധി 50ശതമാനം വരെ തീരുവ ചുമത്താൻ മെക്സിക്കൻ സെനറ്റ് അനുമതി നൽകി. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വ്യാപാര കരാർ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള വാഹനങ്ങൾ, വാഹന സ്പെയർ പാർട്‌സ്, വസ്ത്രം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, സ്റ്റീൽ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് ചുങ്കം വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ 3.76 ബില്യൺ ഡോളർ അധികവരുമാനം സമാഹരിക്കുകയെന്നതാണ് മെക്സിക്കോയുടെ ലക്ഷ്യം.

ഇന്ത്യയ്ക്ക് തിരിച്ചടി

2024-ൽ ഇന്ത്യയിൽനിന്ന് മെക്സിക്കോയിലേക്കുള്ള കയറ്റുമതി 8.9 ബില്യൺ ഡോളർ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതിൽ ഏറ്റവും കൂടുതൽ വിഹിതം വാഹനങ്ങൾക്കും സ്പെയർ പാർട്‌സുകൾക്കുമായിരുന്നു. ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾക്കു തന്നെ 50ശതമാനം വരെ തീരുവ ചുമത്തുന്നതിനാൽ, ഇന്ത്യൻ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമോ?

മെക്സിക്കൻ പ്രസിഡൻറ് ക്ലൗഡിയ ഷെയ്ൻബോം ഉയർന്ന തീരുവ നടപ്പാക്കുന്നത് “ആഭ്യന്തര ഉത്പാദനത്തെ സംരക്ഷിക്കാനാണ്” എന്ന വ്യാഖ്യാനമാണ് നൽകുന്നത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, യുഎസ്–മെക്സിക്കോ–കാനഡ  കരാർ പുനഃപരിശോധന മുൻനിർത്തി ട്രംപിനെ അനുകൂലിക്കാനുമുള്ള തന്ത്രമാണിതെന്ന വിമർശനവും ഉയരുന്നു.

ചൈനയ്‌ക്കെതിരായ പഴയ നീക്കങ്ങൾ

ഇതിന് മുമ്പും മെക്സിക്കോ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചിരുന്നു. എന്നിരുന്നാലും, ട്രംപ് ഭരണകൂടം ഇതിൽ തൃപ്തരായിരുന്നില്ല; മറിച്ച് മെക്സിക്കോയിൽ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 50ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. മെക്സിക്കോയുടെ ഈ പുതിയ തീരുമാനങ്ങൾ ആഗോള വ്യാപാരബന്ധങ്ങളിൽ പുതുവൈരുദ്ധ്യങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നതാണ് അന്താരാഷ്ട്ര വ്യാപാരലോകത്തിന്റെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img