
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ എക്വഡോറിനെ 2-0ന് കീഴടക്കി ആതിഥേയരായ മെക്‌സിക്കോ. ഇതോടെ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മെക്സിക്കോ. കനത്ത മഴയും ഇടിമിന്നലും കാരണം ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ഹൂലിയൻ ക്വിനോനെസും റൗൾ ഹിമെനസും നേടിയ ഗോളുകൾക്ക് മുന്നിൽ എക്വഡോറിന് മറുപടിയുണ്ടായില്ല.
1986 ലോകകപ്പിന് ശേഷം ആദ്യമായാണ് മെക്‌സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം ജയിക്കുന്നത്. സ്വന്തം മണ്ണിൽ നടന്ന ആ ടൂർണമെന്റിന് ശേഷം നാല് പതിറ്റാണ്ട് കാത്തിരുന്ന ആരാധകർക്ക് ഈ വിജയം ചരിത്ര നിമിഷമായി. ഇത്തവണ ഗ്രൂപ്പ് ഘട്ടം മുതൽ നോക്കൗട്ട് വരെയും ഒരു ഗോൾ പോലും വഴങ്ങാതെയാണ് മെക്‌സിക്കോ മുന്നേറുന്നത്.
ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിലെ ലോകകപ്പ് റെക്കോഡും മെക്‌സിക്കോ നിലനിർത്തി. അവിടെ കളിച്ച അവസാന പത്ത് ലോകകപ്പ് മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞിട്ടില്ല.
മത്സരത്തിനിടെ മറ്റൊരു ചരിത്രനേട്ടവും പിറന്നു. മെക്‌സിക്കോയുടെ 17-കാരനായ ഗിൽബെർട്ടോ മോറ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ചതോടെ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായി. 1958 ലോകകപ്പിൽ ബ്രസീലിനായി കളിച്ച പെലെയാണ് ഈ പട്ടികയിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്.










