01:58pm 31 January 2026
NEWS
സംസ്ഥാന സർക്കാരിന്റെ സഹകരണം ഇല്ലെങ്കിലും കേരളത്തിൽ അതിവേ​ഗ റെയിൽ നടപ്പാക്കാനാകുമെന്ന് ഇ ശ്രീധരൻ
30/01/2026  12:59 PM IST
nila
സംസ്ഥാന സർക്കാരിന്റെ സഹകരണം ഇല്ലെങ്കിലും കേരളത്തിൽ അതിവേ​ഗ റെയിൽ നടപ്പാക്കാനാകുമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി വീണ്ടും വിവാദങ്ങളിൽ ഇടംപിടിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നയമാറ്റങ്ങളും നടപടികളിലുണ്ടായ കാലതാമസവുമൊക്കെ കടുത്ത വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. കേരളത്തിന്റെ അതിവേ​ഗ റെയിൽ പദ്ധതി മുടക്കിയത് താനാണെന്ന ആരോപണം ശക്തമായി നിഷേധിച്ച് മെട്രോമാൻ ഇ ശ്രീധരൻ രം​ഗത്തെത്തി. തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയാണ് മെട്രോമാൻ മുന്നോട്ടുവെച്ചത്. എന്നാൽ, തിരുവനന്തപുരം- കാസർകോട് റാപ്പിഡ് റെയിൽപാത എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ, ഇത് പ്രായോ​ഗികമല്ലെന്ന് ഇ ശ്രീധരൻ പറയുന്നു.  

അതിവേഗ റെയിൽ പദ്ധതിയുടെ ആശയം സിപിഎമ്മാണ് ആദ്യം കൊണ്ടുവരുന്നതെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി. 2010-ൽ ജപ്പാൻ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ടിൽ കേരളത്തിൽ അതിവേഗ റെയിൽ പ്രായോഗികമാണെന്നും ജനപിന്തുണ ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2016-ൽ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഉയർന്ന ചിലവ് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിന്മാറി കെ-റെയിൽ എന്ന ആശയത്തിലേക്ക് നീങ്ങുകയായിരുന്നു.

കെ-റെയിൽ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ അതിലെ സാങ്കേതികവും പ്രായോഗികവുമായ വീഴ്ചകൾ മുഖ്യമന്ത്രി അറിയിച്ചതായും, ഇതുസംബന്ധിച്ച് നിരവധി കത്തുകൾ അയച്ചതായും ഇ. ശ്രീധരൻ പറഞ്ഞു. കെ-റെയിലിനെതിരെ നാട്ടുകാരിൽ നിന്നുള്ള പ്രതിഷേധങ്ങളും പോലീസ് നടപടികളും ഉയർന്നതോടെ പദ്ധതി മുന്നോട്ട് പോകില്ലെന്ന ബോധ്യത്തിലാണ് വീണ്ടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്. തുടർന്ന് നടന്ന ചർച്ചയിൽ തന്റെ നിർദേശങ്ങളോട് മുഖ്യമന്ത്രി അനുകൂല സമീപനം സ്വീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

പദ്ധതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്ത് അയക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും, അതിന് ശേഷമുള്ള പത്ത് മാസക്കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇ. ശ്രീധരൻ വിമർശിച്ചു. ഈ മെല്ലെപ്പോക്കാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ-റെയിലിനായി ഏകദേശം 100 കോടി രൂപ ചെലവിട്ട് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടും പദ്ധതി നടപ്പായില്ലെന്നും, അതേസമയം പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ 12 കോടി രൂപ മാത്രമേ വേണ്ടൂവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഡാറ്റ നേരത്തേ തന്നെ ലഭ്യമായതിനാൽ ഡിഎംആർസിക്ക് എട്ട് മുതൽ ഒമ്പത് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന റാപ്പിഡ് റെയിൽ പദ്ധതിയേക്കാൾ കേരളത്തിന് അനുയോജ്യം അതിവേഗ റെയിൽവേയാണെന്നും, ഇരുപദ്ധതികളും തമ്മിൽ വേഗതയിൽ വലിയ അന്തരമുണ്ടെന്നും ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി. അതിവേഗ റെയിലിന്റെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിലായിരിക്കുമ്പോൾ, റാപ്പിഡ് റെയിലിൽ അത് 70–75 കിലോമീറ്ററിലേക്ക് മാത്രമാണ് പരിമിതമാകുന്നത്.

പദ്ധതി നടപ്പിലായാൽ റോഡുകളിലെ തിരക്ക് കുറയുമെന്നും, റോഡ് അപകടങ്ങളിൽ പ്രതിദിനം ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും പദ്ധതി സഹായകരമാകും. റെയിൽവേ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാന സർക്കാരിന്റെ സഹകരണം ഇല്ലാതിരുന്നാലും കേന്ദ്രത്തിന്റെ നിലപാടിനനുസരിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ മൊത്തം ചെലവിൽ 30 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നും, ശേഷിക്കുന്ന 40 ശതമാനം ബോണ്ടുകൾ വഴി സമാഹരിക്കാനാണ് ആലോചനയെന്നും ഇ. ശ്രീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img