
പാലക്കാട്: സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിക്ക് പുതിയ ബദൽ രൂപരേഖയുമായി മെട്രോ മാൻ ഇ. ശ്രീധരൻ രംഗത്ത്. തിരുവനന്തപുരം–കണ്ണൂർ അതിവേഗ പാതയ്ക്കായി തയ്യാറാക്കിയ പുതുക്കിയ റിപ്പോർട്ടിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തി പുതിയ റൂട്ടാണ് ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. സമയവും ചെലവും ഗണ്യമായി കുറയ്ക്കുന്ന മോഡലാണ് നിർദേശിച്ചിരിക്കുന്നത്. 3 മണിക്കൂർ 20 മിനിറ്റിൽ യാത്ര പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ഡിസൈൻ. ടിക്കറ്റ് നിരക്ക് എസി ചെയർ കാർ നിരക്കിനോട് സമാനമായിരിക്കുമെന്നാണ് വിലയിരുത്തൽ.
തൂണുകളും തുരങ്കങ്ങളും കൂടുതൽ ഉപയോഗിക്കുന്നതിനാൽ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 54,000 കോടി രൂപയായി കണക്കാക്കുന്നു.
ആർആർടിഎസ് പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ നിർമ്മാണച്ചെലവും യാത്രാ നിരക്കും കുറഞ്ഞതായിരിക്കും ഈ പുതിയ ബദൽ. പുതുക്കിയ റിപ്പോർട്ട് ഇന്ന് ശ്രീധരൻ ഔദ്യോഗികമായി പുറത്തിറക്കും എന്നാണ് വിവരം. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ പൂർത്തിയാക്കാനും ധാരണയായിട്ടുണ്ട്.











