
ദോഹ:സുരക്ഷാ സേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിയമ ലംഘനങ്ങളും അറിയിക്കാൻ മെട്രാഷ് ആപ്പിലെ ‘കമ്യൂണിക്കറ്റ് വിത്ത് അസ്’ സൗകര്യം പരമാവധിഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
സുരക്ഷാ സേവന കമ്പനികളുടെ നിയമലംഘനങ്ങൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സുരക്ഷാ/നിരീക്ഷണ സ്ഥാപനങ്ങൾ, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന കമ്പനികൾ എന്നിവക്കെതിരെയാണ് ഈ സൗകര്യം വഴി പരാതി നൽകാൻ കഴിയുക. മെട്രാഷ് ആപ്പിന്റെ ഹോം സ്ക്രീനിൽ നിന്ന് ‘Communicate with Us’ തിരഞ്ഞെടുക്കുക, തുടർന്ന് ‘Complaints’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പരാതിയുടെ തരം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം വിവരങ്ങളുടെ സാധുത അംഗീകരിച്ച് ‘Next’ ക്ലിക്ക് ചെയ്താൽ പരാതി സമർപ്പണം പൂർത്തിയാകും.ആഭ്യന്തര മന്ത്രാലയം നൽകുന്ന 400-ലധികം സേവനങ്ങൾ ലഭ്യമാക്കുന്ന മെട്രാഷ് ആപ്പ് സൗജന്യവും സുരക്ഷിതവും എൻക്രിപ്റ്റഡ് സേവനങ്ങളുമാണ് നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.










