01:16pm 01 November 2026
NEWS
എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്; മലയാള സാഹിത്യത്തിലെ വേറിട്ട എഴുത്തിന് അംഗീകാരം
01/11/2026  11:32 AM IST
nila
എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്; മലയാള സാഹിത്യത്തിലെ വേറിട്ട എഴുത്തിന് അംഗീകാരം

 

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപറ്റ നാരായണനും പങ്കെടുത്തു.

കെ.ജി.എസ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായിരുന്നു.

അസാധാരണമായ സൗന്ദര്യബോധവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും കൊണ്ട് മലയാള സാഹിത്യത്തിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം തുടങ്ങിയ മേഖലകളെ സർഗാത്മകമായി സാഹിത്യത്തിൽ സമന്വയിപ്പിച്ച് ആധുനികോത്തര സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പതിനെട്ടാം വയസ്സിൽ സാഹിത്യലോകത്തേക്ക്

വളരെ ചെറുപ്പത്തിൽത്തന്നെ മലയാള സാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് മേതിൽ. പൊൻകുന്നം വർക്കിയുടെ ആത്മകഥയായ 'എന്റെ വഴിത്തിരിവി'നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു എഴുത്തിലേക്കുള്ള അരങ്ങേറ്റം. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് ലേഖനം തയ്യാറാക്കിയത്.

പതിനെട്ടാം വയസ്സിൽ എഴുതിയ 'ഒക്ടോപ്പസ്സിന്റെ ശവം' എന്ന കഥയും ഭാഷാപരമായ പരീക്ഷണങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ചിറ്റൂർ ഗവൺമെന്റ് കോളേജിൽ പ്രീഡിഗ്രിയും ബിരുദവും പൂർത്തിയാക്കിയ മേതിൽ, ബിരുദപഠനത്തിന്റെ അവസാനഘട്ടത്തിലാണ് മലയാളത്തിലെ ശ്രദ്ധേയ നോവലുകളിലൊന്നായ 'സൂര്യവംശം' എഴുതിത്തുടങ്ങിയത്. പിന്നീട് കേരളവർമ കോളേജിൽ ഉപരിപഠനം നടത്തുന്നതിനിടെയാണ് നോവൽ പൂർത്തിയാക്കിയത്.

'സൂര്യവംശം' മലയാളത്തിൽ പുതിയൊരു വായനാഭാവുകത്വത്തിന് വഴിയൊരുക്കിയ കൃതിയായി മാറി. തുടർന്ന് കഥ, കവിത, ഹൈക്കു, ലേഖനം, പംക്തി തുടങ്ങി വിവിധ സാഹിത്യരൂപങ്ങളിലൂടെ മേതിൽ തന്റെ എഴുത്തുജീവിതം തുടർന്നു. 'ബ്രാ', 'സൂര്യമത്സ്യത്തെ വിവരിക്കൽ', 'ആൽബട്രോസിന്റെ കരച്ചിൽ', 'ഡിലൻ തോമസ്സിന്റെ പന്ത്', 'ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം', 'മൂന്നുവരകൾ', 'ദൈവം, മനുഷ്യൻ, യന്ത്രം', 'മേതിൽ 19' തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ വേറിട്ട രചനാലോകത്തിന്റെ അടയാളങ്ങളാണ്.

ഭാഷയുടെ സാധ്യതകളെയും ആഖ്യാനത്തിന്റെ പതിവുരീതികളെയും നിരന്തരം പരീക്ഷിച്ച എഴുത്തുകാരനെന്ന നിലയിൽ മേതിൽ മലയാള സാഹിത്യത്തിൽ സവിശേഷമായ സ്ഥാനം നേടി. 'എഴുത്തുകാരുടെ എഴുത്തുകാരൻ', 'മലയാള സാഹിത്യത്തിലെ ഒറ്റയാൻ' തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ മത്സരാധിഷ്ഠിത പുരസ്‌കാരങ്ങളോട് പൊതുവെ അകലം പാലിച്ചിരുന്ന മേതിലിനെ തേടിയെത്തിയ എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകൾക്കുള്ള വലിയ അംഗീകാരമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img