09:06pm 29 October 2026
NEWS
ആരോഗ്യരംഗത്ത് എ.ഐ.യുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മെറ്റാറസ് 3.0 ആവിഷ്കാർ ദേശീയ സമ്മേളനം
29/10/2026  08:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യരംഗത്ത് എ.ഐ.യുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മെറ്റാറസ് 3.0 ആവിഷ്കാർ ദേശീയ സമ്മേളനം

കൊച്ചി: ആരോഗ്യരംഗത്തും മെഡിക്കൽ ഇമേജിങ് മേഖലയിലും നിർമിതബുദ്ധിയുടെ (എ.ഐ.) സാധ്യതകളും പ്രയോഗങ്ങളും ചർച്ച ചെയ്യുന്നതിനായി അമൃത ആശുപത്രിയുടെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തിൽ ‘മെറ്റാറസ് 3.0 ആവിഷ്കാർ’ ദേശീയ സമ്മേളനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നെടുമ്പാശ്ശേരിയിലെ ഫോർച്യൂൺ എയർപോർട്ട് ഹോട്ടലിൽ നടക്കും. നവംബർ 1 നു രാവിലെ 9 മണിക്ക് അമൃത നാഷണൽ മെഡിക്കൽ ടെക്‌നോളജി ഇന്നൊവേഷൻ ഹബ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നേത്ര രോഗികൾക്കായി അമൃതയിലെ ഡോക്ടർമാർ വികസിപ്പിച്ചെടുത്ത റെറ്റി എ.ഐ. ആപ്പിന്റെ സ്വിച്ച് ഓൺ കർമം ഐ.സി.എം.ആർ. റിസർച്ച് വിഭാഗം ഡയറക്ടർ ഡോ. മോന ദുഗ്ഗൽ നിർവഹിക്കും.

‘എഐ ആൻഡ് മെഡിക്കൽ ഇമേജ് അനോട്ടേഷൻ’ എന്ന വിഷയത്തിൽ ആരോഗ്യപ്രവർത്തകർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്കായി ദ്വിദിന പ്രായോഗിക പരിശീലന ശിൽപശാലയും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. മെഡിക്കൽ ഇമേജിങ്, രോഗനിർണയം, ആരോഗ്യഗവേഷണം എന്നിവയിൽ എഐയുടെ പ്രയോഗങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരവും ധാർമികവുമായ ഉപയോഗത്തിനും പരിപാടി പ്രാധാന്യം നൽകും.

സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ജനറ്റിക്സ് പ്രൊഫസർ മൈക്കൽ സ്നൈഡർ, യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഡോ. രാജീവ് രാമൻ എന്നിവരുൾപ്പെടെ ദേശീയ, അന്തർദേശീയ തലങ്ങളിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കും. ഐസിഎംആർ, അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ, ആരോഗ്യ ഗവേഷണ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധരും വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

കണ്ണ്, ഹൃദയം, ദഹനവ്യവസ്ഥ തുടങ്ങിയ മേഖലകളിലെ രോഗനിർണയത്തിൽ എഐയുടെ പങ്ക്, റെറ്റിന ഇമേജിങ്ങിലൂടെയുള്ള രോഗസാധ്യതാ നിർണയം, പ്രമേഹജന്യ നേത്രരോഗങ്ങളുടെ സ്ക്രീനിങ്, സ്തനാർബുദ നിർണയം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ എഐയുടെ ഉപയോഗം, ഗവേഷണത്തിലെ നൈതികത, സാങ്കേതികവിദ്യയുടെ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

വിദഗ്ധ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സാങ്കേതിക പ്രദർശനം, തത്സമയ ഡെമോകൾ, പ്രായോഗിക പരിശീലനം എന്നിവയും പരിപാടിയുടെ ഭാഗമാണ്. മെഡിക്കൽ ഇമേജിങ് മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും ഗവേഷകരും ആരോഗ്യവിദഗ്ധരും സാങ്കേതികവിദ്യാ രംഗത്തെ വിദഗ്ധരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു.

കൊച്ചി അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ളയാണ് സംഘാടക സമിതി അധ്യക്ഷൻ. അമൃത വിശ്വവിദ്യാപീഠത്തിലെ നേത്രരോഗ ഗവേഷണ വിഭാഗം ചീഫ് റിസർച്ച് ഓഫീസർ ഡോ. മെറിൻ ഡിക്സണാണ് സംഘാടക സെക്രട്ടറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img