05:23pm 15 August 2026
NEWS
ഫേസ്ബുക്ക് പോസ്റ്റുകൾ മുക്കിയത് സംസ്ഥാന സർക്കാർ പറഞ്ഞിട്ടല്ലെന്ന് മെറ്റ; സാങ്കേതിക പിഴവെന്ന് വിശദീകരണം
15/08/2026  04:35 PM IST
nila
ഫേസ്ബുക്ക് പോസ്റ്റുകൾ മുക്കിയത് സംസ്ഥാന സർക്കാർ പറഞ്ഞിട്ടല്ലെന്ന് മെറ്റ; സാങ്കേതിക പിഴവെന്ന് വിശദീകരണം

തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മെറ്റ. ഉള്ളടക്കങ്ങൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും എഐ സോഫ്റ്റ്‌വെയർ അപ്ഡേഷനിടെ സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം.

കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വാർത്താ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടതായി മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു. തകരാർ നിലവിൽ പരിഹരിച്ചെന്നും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കി.

പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനം ശക്തമായതോടെയാണ് കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ് മെറ്റയോട് വിശദീകരണം തേടിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ പോലീസിനോ പങ്കില്ലെന്നും രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ പോലീസ് ആവശ്യപ്പെടാറില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായി അവഹേളിക്കുന്നതോ അശ്ലീല സ്വഭാവമുള്ളതോ ആയ ഉള്ളടക്കങ്ങൾക്കെതിരെ മാത്രമാണ് പോലീസ് സാധാരണയായി നടപടി ആവശ്യപ്പെടുന്നതെന്നും സൈബർ വിഭാഗം വിശദീകരിച്ചിരുന്നു. എന്നാൽ വിവാദമായ പോസ്റ്റുകൾ അത്തരം വിഭാഗത്തിൽപ്പെട്ടവയല്ലെന്നാണ് വിലയിരുത്തൽ.

അതേസമയം, വാർത്താ പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്.

വാർത്തകൾ നീക്കം ചെയ്യാൻ മെറ്റയിൽ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്ന് സതീശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘CMO Kerala’ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാത്രമാണ് മെറ്റയെ സമീപിച്ചതെന്നും രണ്ട് മാസം മുമ്പ് നൽകിയ അപേക്ഷയിൽ ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ആവശ്യപ്പെട്ടിട്ടാണ് വാർത്തകളും മറ്റ് പോസ്റ്റുകളും മെറ്റ നീക്കം ചെയ്യുന്നതെന്ന ആരോപണം വിശ്വസിക്കാനാകുമോയെന്നും സതീശൻ ചോദിച്ചു. തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലിനെ അഭിനന്ദിച്ച തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും നീക്കം ചെയ്ത സംഭവവും അദ്ദേഹം പരാമർശിച്ചു.

മെറ്റയുടെ വിശദീകരണത്തോടെ വിവാദത്തിന് താൽക്കാലികമായി വ്യക്തത വന്നെങ്കിലും വാർത്താ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img