
ഫുട്ബോൾ ഇതിഹാസം മെസ്സി കേരളത്തിലെത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ വിവിധ ഇന്ത്യൻ നഗരങ്ങളിൽ മെസ്സി സന്ദർശനം നടത്തുന്നുണ്ട്. എന്നാൽ, താരം കേരളത്തിലെത്താൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. നവംബറിൽ മെസ്സി കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രി വി. അബ്ദു റഹ്മാൻ അവകാശപ്പെട്ടിരുന്നത്.
ഡിസംബർ 12ന് രാത്രി 10 മണിയോടെ കൊൽക്കത്തയിലാകും മെസ്സി ആദ്യമെത്തുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ രണ്ടു നാൾ തങ്ങിയ ശേഷമാകും മറ്റിടങ്ങളിലെ പരിപാടികൾ. കൊൽക്കത്തയിൽ രാവിലെ ഒമ്പതിന് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ എന്ന പരിപാടിയാണ് ആദ്യം. അതുകഴിഞ്ഞ് വി.ഐ.പി റോഡിൽ തന്റെ തന്നെ 70 അടി പ്രതിമ താരം അനാച്ഛാദനം ചെയ്യും. ലോകത്തെവിടെയുമായി ഉയർത്തുന്ന താരത്തിന്റെ ഏറ്റവും ഉയർന്ന പ്രതിമയാകും ഇതെന്ന് സംഘാടകർ പറയുന്നു. അതുകഴിഞ്ഞ് ഉച്ചയോടെ ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവക്കായി ഈഡൻ ഗാർഡൻസിൽ. ഉച്ചക്ക് 12നും 1.30നുമായിട്ടാകും പരിപാടികൾ. ഇവിടെ സെവൻസ് ഫുട്ബാളിൽ താരം പന്തുതട്ടും. സൗരവ് ഗാംഗുലി, ലിയാണ്ടർ പെയസ്, ജോൺ അബ്രഹാം, ബൈച്ചുങ് ഭൂട്ടിയ എന്നിവരടങ്ങിയ താരനിര സഹതാരങ്ങളായിറങ്ങും. എല്ലാ പരിപാടികളിലും 3,500 രൂപയിൽ കുറയാത്ത നിരക്കുള്ള ടിക്കറ്റ് വെച്ചാകും പ്രവേശനം. 68,000 ആണ് ഈഡൻ ഗാർഡൻസിൽ പരമാവധി ഗാലറി സീറ്റുകൾ. ഇവിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആദരിക്കൽ ചടങ്ങിൽ എത്തും.
ഡിസംബർ 13ന് മെസ്സി ഗുജറാത്തിലെത്തും. അഹ്മദാബാദിൽ അദാനി ഫൗണ്ടേഷൻ ആസ്ഥാനമായ ശാന്തിഗ്രാമിൽ ഒരുക്കുന്ന സ്വകാര്യ ചടങ്ങിൽ താരം പങ്കെടുക്കും. ഡിസംബർ 14ന് മുംബൈയിലാണ് മെസ്സിയുടെ പരിപാടികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വാംഖഡെ മൈതാനത്ത് ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ നടക്കും. 5.30നാണ് പരിപാടി. ഡിസംബർ 15ന് ഡൽഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും. അവിടെ ഉച്ച 2.15ന് ഫിറോസ് ഷാ കോട്‍ലയിലാകും ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’.











