10:36am 06 September 2026
NEWS
മെസി തട്ടിപ്പ്: ഇ.ഡിയും എസ്.എഫ്.ഐ.ഒയും അന്വേഷിക്കുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ; മുൻ മന്ത്രിയിലേക്കും അന്വേഷണം നീണ്ടേക്കാം:
06/09/2026  09:49 AM IST
ന്യൂസ് ബ്യൂറോ
മെസി തട്ടിപ്പ്: ഇ.ഡിയും എസ്.എഫ്.ഐ.ഒയും അന്വേഷിക്കുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ; മുൻ മന്ത്രിയിലേക്കും അന്വേഷണം നീണ്ടേക്കാം:

 

 

 

​കൊച്ചി: മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ, അഴിമതി നിരോധന നിയമം മുതൽ കമ്പനി നിയമം വരെ ലംഘിച്ചതിനാൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) എന്നിവയ്ക്ക് അടക്കം അന്വേഷിക്കാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലിയുടെ നിയമോപദേശം.
​സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാകുന്ന വിധത്തിലുള്ള കരാറെന്ന് തെളിഞ്ഞാൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളാം. സർക്കാരിന് നഷ്ടമുണ്ടായില്ലെന്ന വാദം നിലനിൽക്കില്ല. സ്പോൺസർ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമായതിനാൽ പണമിടപാടുകളിൽ കള്ളക്കളി ഉണ്ടോയെന്നത് സംബന്ധിച്ച് എസ്.എഫ്.ഐ.ഒയ്ക്ക് അന്വേഷണമാകാം. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയെ (ആർ.ബി.സി) ഏകപക്ഷീയമായി തിരഞ്ഞെടുത്തതും അവർ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടതായി പറയുന്ന സാഹചര്യവും വിശദമായി അന്വേഷിക്കണം. ഇതിലൂടെ മന്ത്രിയടക്കം ആരെങ്കിലും അനധികൃതമായ നേട്ടമുണ്ടാക്കിയോ എന്നത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണം.
​കടലാസ് കമ്പനിയെങ്കിൽ ഇ.ഡിയാകാം
​അർജന്റീന ഫുട്ബാൾ അസോസിയേഷൻ അടക്കമുള്ള വിദേശ സ്ഥാപനങ്ങൾക്ക് സ്‌പോൺസർ പണം കൈമാറിയിട്ടുണ്ടെങ്കിൽ ഫെമ നിയമലംഘനമുണ്ടായോ എന്ന് പരിശോധിക്കണം. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ വിദേശസ്ഥാപനങ്ങൾക്ക് പണം കൈമാറാനാകില്ല. ഹവാല ശൃംഖലയോ ഷെൽ (വ്യാജ) കമ്പനികളോ ആണോ പണം കൈമാറിയതെന്ന് പരിശോധിക്കേണ്ടി വരും. പണത്തിന്റെ ഉറവിടത്തിന് പിന്നിൽ ക്രിമിനൽ കുറ്റങ്ങളുണ്ടോയെന്ന് അന്വേഷിക്കണം. ഉണ്ടെങ്കിൽ അത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ ഇ.ഡിക്ക് അന്വേഷിക്കാം.
​ദുരൂഹ ഇടപാടിന് രേഖകൾ തേടി എസ്.ഐ.ടി
​തിരുവനന്തപുരം: മെസിയിലും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിന്റെ രേഖകൾ സെക്രട്ടറിയേറ്റിലെ കായിക വകുപ്പ് ഓഫീസിലെത്തി ശേഖരിച്ച് എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. ഇവയുടെ പരിശോധനയും ആരംഭിച്ചു. സ്വകാര്യ സ്പോൺസറെ തിരഞ്ഞെടുത്ത നടപടി, സർക്കാർ ഉത്തരവ്, അനുമതി, ഇളവ്, ഒഴിവാക്കൽ, പൊതുആസ്തികളുടെ ഉപയോഗം അനുവദിച്ച സാഹചര്യം എന്നിവയുടെ ഇ മെയിൽ അടക്കമുള്ള രേഖകൾക്കായി കായിക വകുപ്പ് സെക്രട്ടറിക്ക് കർത്തും നൽകി.
​ഏതെണ്ണെങ്കിലും സ്വകാര്യസ്ഥാപനത്തിന് അനാവശ്യ ആനുകൂല്യമോ സാമ്പത്തിക നേട്ടമോ നൽകിയിട്ടുണ്ടോയെന്നും സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ നഷ്ടമായോ എന്നുമാണ് പരിശോധിക്കുന്നത്. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അന്വേഷണറിപ്പോർട്ടിനൊപ്പം ചില രേഖകളുണ്ടായിരുന്നു. ഇതിന്റെ ഒറിജിനലാണു ശേഖരിച്ചത്. ഇടപാടിന്റെ മുഴുവൻ രേഖകളും കൈമാറണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.
​ഇടപാട് വകുപ്പുകളെ അറിയിക്കാതെ
​ധനകാര്യം, നിയമം, ആഭ്യന്തരം, റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം എന്നീ വകുപ്പുകളുടെ അഭിപ്രായം തേടാതെ ഇടപാടുമായി മുന്നോട്ടുപോയെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. വിദേശ പണമിടപാട്, മാച്ച് ഫീസ്, പരസ്യവരുമാനം, സ്പോൺസറുടെ സാമ്പത്തിക ഇടപാട്, നികുതി ബാദ്ധ്യത, സ്റ്റേഡിയം നവീകരണം എന്നിവയുണ്ടായിട്ടും ധനവകുപ്പിന്റെ അനുമതി തേടാത്തത് ദുരൂഹമാണെന്നാണ് എസ്.ഐ.ടി കരുതുന്നത്. ഇക്കാര്യത്തിലെയെല്ലാം അന്വേഷണമുണ്ടാകും.
​സ്റ്റാമ്പ് ഡ്യൂട്ടിയിൽ 14 കോടിയുടെ തട്ടിപ്പെന്ന്
​മെസി വിവാദത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയുടെ പേരിൽ 14 കോടിയോളം തട്ടിച്ചെന്ന് കണ്ടെത്തൽ. വിവാദം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജി.എസ്ടിയുടെ സ്പെഷ്യൽ ടീമിന്റെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളതെന്നാണ് വിവരം. നികുതിയായി 22 കോടി സംസ്ഥാനത്ത് അടച്ചിട്ടില്ലെന്ന വിവരം നേരത്തെ കണ്ടെത്തിയിരുന്നു. 126 കോടി വായ്പയിലൂടെയാണ് സ്പോൺസർമാർ സമാഹരിച്ചത്. ഇതിനായി നടത്തിയ ഇടപാടിലാണ് 14 കോടി സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ വെട്ടിച്ചത്. ഇക്കാര്യത്തിൽ രജിസ്ട്രേഷൻ വകുപ്പാണ് അന്തിമമായി വ്യക്തതവരുത്തേണ്ടത്. രണ്ടാം റിപ്പോർട്ടിലൂടെ ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img