
കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ പ്രകാരം അന്വേഷണം ആരംഭിച്ചു. വിദേശത്തേക്ക് പണം അയച്ചതിൽ വിദേശനാണയ വിനിമയ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പണം വിദേശത്തേക്ക് കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളും മെസിയെ കേരളത്തിലെത്തിക്കാനുള്ള കരാറുണ്ടെന്ന് സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റിന്റെ വിശദാംശങ്ങളും ഇഡി ശേഖരിച്ചു. ഇടപാടിൽ ഫെമ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.
സംസ്ഥാന സർക്കാരിനോട് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും ഇഡി നോട്ടിസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽനിന്നും ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഏകദേശം 126 കോടി രൂപ വിദേശത്തേക്ക് കൈമാറിയെന്നാണ് നിലവിലെ അനുമാനം. ഇത്രയും തുക എങ്ങനെയാണ് വിദേശത്തേക്ക് അയച്ചത്, പണത്തിന്റെ ഉറവിടം എന്താണ്, ഇടപാടിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
നിലവിൽ പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ് ഇഡി. ശേഖരിച്ച രേഖകളും വിവിധ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.











