
ഈ വർഷത്തെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസിക്കു നേരേ ബോംബ് ഭീഷണികളും പിന്തുടരലും ഓൺലൈൻ അധിക്ഷേപങ്ങളും ഉണ്ടായതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.ചോർന്ന പൊലീസ് റിപ്പോർട്ടിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങളുള്ളതെന്നാണ് റിപ്പോർട്ട്.
ജൂൺ 28ന് ടെക്സസിൽ അർജന്റീനയും ജോർദാനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്ന് റിപ്പോർട്ട് ചെയ്തത്. ഡാലസ് സ്റ്റേഡിയത്തിലേക്ക് ബോംബുകളുമായി എത്തുകയാണെന്ന് ഒരാൾ ഡാലസ് വിമാനത്താവളത്തിൽ വിളിച്ച് അറിയിക്കുകയായിരുന്നു. താനും മറ്റ് രണ്ട് പേരും ചേർന്ന് ‘സ്വയം നിർമിച്ച ബോംബുകളും AR-15 തോക്കും’ കൈവശം വച്ചിട്ടുണ്ടെന്നും ഇരു ടീമുകളിലെയും താരങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിടാനാണ് ഉദ്ദേശമെന്നും ഇയാൾ പറഞ്ഞതായാണ് റിപ്പോർട്ട്. ഭീഷണിക്കിടെ മെസിയുടെ പേര് പ്രത്യേകം പരാമർശിച്ചതായും റിപ്പോർട്ടിലുണ്ട്.
ജൂലൈ 7ന് അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിനിടെയും മെസിക്കെതിരെ ഓൺലൈനിൽ ബോംബ് ഭീഷണി ഉയർന്നു. ‘നാല് ബോംബുകൾ ശരീരത്തിൽ കെട്ടിവച്ച് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മെസിയെ സ്ഫോടനത്തിലൂടെ കൊല്ലും’ എന്ന തരത്തിലുള്ള സന്ദേശമാണ് എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു അക്കൗണ്ടിൽനിന്ന് പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.
അതേ ദിവസം തന്നെ മറ്റൊരു വ്യക്തി സ്റ്റേഡിയത്തിലെ മൂന്ന് മാലിന്യപ്പെട്ടികളിൽ മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസിനെ ഫോണിലൂടെ അറിയിച്ചു. ഇതോടെ മത്സരത്തിനിടയിലും ശേഷവും ബോംബ് നിർവീര്യ വിഭാഗത്തിലെ വിദഗ്ധരും പരിശീലനം ലഭിച്ച നായ്ക്കളുമായി എത്തിയ ഉദ്യോഗസ്ഥരും ചേർന്ന് സ്റ്റേഡിയത്തിൽ വിശദമായ പരിശോധന നടത്തി.
മെസിക്ക് മാത്രമല്ല, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർ എന്നിവരും ലോകകപ്പിനിടെ ഗുരുതരമായ ഓൺലൈൻ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും ഇരയായതായി പൊലീസ് രേഖയിൽ പറയുന്നു.
ടൂർണമെന്റിലുടനീളം ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണി നേരിട്ടത് റൊണാൾഡോയാണെന്നാണ് റിപ്പോർട്ട്. ഹ്യൂസ്റ്റണിലെ റൊണാൾഡോയുടെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കാനഡയിൽ മറ്റൊരു ആരാധകൻ റൊണാൾഡോ സഞ്ചരിച്ചിരുന്ന ലിഫ്റ്റിൽ കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
പരാഗ്വെ ഗോൾകീപ്പറുമായുള്ള ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ എംബാപ്പെയ്‌ക്കെതിരെ വംശീയ അധിക്ഷേപങ്ങളും ഉയർന്നു. ജൂലൈ 4ന് ഫ്രാൻസ് പരാഗ്വെയെ ലോകകപ്പിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ പരാഗ്വെ ആരാധകർ എംബാപ്പെയുടെ കോലം കത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിവാദമായ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഈജിപ്ത് അർജന്റീനയോട് തോറ്റതിന് പിന്നാലെ മത്സരത്തിന്റെ റഫറിയായ ലെറ്റെക്സിയറിന്റെ വ്യക്തിഗത വാട്സ്ആപ്പ് നമ്പറിലേക്ക് 6,000ത്തിലധികം സന്ദേശങ്ങൾ ലഭിച്ചതായും പൊലീസ് രേഖ വ്യക്തമാക്കുന്നു.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നോർവീജിയൻ താരം അലക്സാണ്ടർ സോർലോത്തും ഭാര്യയും ഗോളവസരം നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഭീഷണി നേരിട്ടു. കൊളംബിയൻ താരം ജാമിന്റൺ കാംപാസിനും ഫ്രഞ്ച് പ്രതിരോധതാരം ലൂക്കാസ് ഡിഗ്നെയ്ക്കും മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ ഭീഷണികൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
ഇത്തരം സംഭവങ്ങളെല്ലാം യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇന്റർനാഷണൽ പൊലീസ് കോഓപ്പറേഷൻ സെന്റർ എന്നിവയുടെ ഏകോപനത്തിലാണ് നിരീക്ഷിച്ചതെന്നാണ് പൊലീസ് രേഖയിലെ വിവരം. ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങളിലെ നിയമപാലക ഏജൻസികളും യുഎസ് ഫെഡറൽ ഏജൻസികളും ഉൾപ്പെട്ട സംവിധാനമായിരുന്നു ഇന്റർനാഷണൽ പൊലീസ് കോഓപ്പറേഷൻ സെന്റർ.
ഭീകരാക്രമണ മുന്നറിയിപ്പുകൾ, താരങ്ങൾക്കെതിരായ ഭീഷണികൾ, ആരാധകരുടെ അക്രമാസക്തമായ പെരുമാറ്റം തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ സുരക്ഷാ പ്രശ്നങ്ങളാണ് ഇന്റർനാഷണൽ പൊലീസ് കോഓപ്പറേഷൻ സെന്റർ നിരീക്ഷിച്ചിരുന്നത്.










