
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന എസ്‌ഐടി പൂര്‍ത്തിയാക്കി.
ഇതിന്റെ ഭാഗമായി കായിക വകുപ്പിനോട് കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും സ്‌പോണ്‍സറുടെയും മൊഴികള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തും. ഇതിന്റെ മുന്നോടിയായി കായിക വകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ മൊഴി എസ്‌ഐടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കൂടാതെ, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങള്‍ എടുത്ത യോഗങ്ങളുടെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള ചില നിര്‍ണായക രേഖകള്‍ ലഭ്യമല്ലെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ പരിപാടിക്കായി സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും അനധികൃതമായി ഇടപെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വിദേശത്തേക്ക് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം തേടിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍, മുന്‍ ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം.
Photo Courtesy - Google











