
തിരുവനന്തപുരം:കായികരംഗത്തെ ഞെട്ടിച്ച ലയണൽ മെസി മെഗാതട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ നിയമനടപടികൾ കർശനമാകുന്നു. മന്ത്രിയായിരുന്ന കാലത്തെ വഴിവിട്ട നീക്കങ്ങളും സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണർ ഓംപ്രകാശ് മാഥൂർ അനുമതി നൽകി.
മുൻ മന്ത്രി വി. അബ്ദുറഹിമാന് പുറമെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റും ഫുട്ബോൾ താരവുമായ യു. ഷറഫലി, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, എം.ഡി ആന്റോ അഗസ്റ്റിൻ എന്നിവരും പ്രതിപട്ടികയിലുണ്ടെന്നാണ് സൂചന.
എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുൻ മന്ത്രിയെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കളമശേരി കോടതിയിലുള്ള നിലവിലെ കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തും.
അനധികൃത ഇടപെടലുകളിലൂടെയും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തതിലൂടെയും സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിയായിരുന്ന കാലത്തെ അഴിമതിയായതിനാൽ 17-എ വകുപ്പ് പ്രകാരം ഗവർണറുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് നിയമ സെക്രട്ടറി പി.എൻ. വിനോദ് വ്യക്തമാക്കിയതിനെ തുടർന്നാണ് രാജ്ഭവന്റെ അടിയന്തര നടപടി.










