
കൊച്ചി: ലയണല്‍ മെസ്സിയും അര്‍ജന്റീനന്‍ ഫുട്ബാള്‍ ടീമും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന പേരില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തത വരുത്തണമെന്ന് എറണാകുളം എം പി ഹൈബി ഈഡന്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന് കത്ത് നല്‍കി. അന്താരാഷ്ട്ര സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നിരവധി ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും എം പി ചൂണ്ടിക്കാട്ടി.
സ്റ്റേഡിയത്തിന്റെ നവീകരണവും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജി സി ഡി എ ഏതെങ്കിലും സ്‌പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔപചാരിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും എം പി ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിന് സമീപത്തെ മരം മുറിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ, ഫിഫയുടെ അംഗീകാരം പ്രതീക്ഷിച്ച സമയപരിധിക്കുള്ളില്‍ യാഥാര്‍ഥ്യമാകുന്നില്ലെങ്കില്‍ അടിയന്തര പദ്ധതി നിലവിലുണ്ടോ, ഡിസംബറില്‍ ഐ എസ് എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയം തയ്യാറാകുമോ, സ്‌റ്റേഡിയം നവീകരണത്തില്‍ കേരള ഫുട്ബാള്‍ അസോസിയേഷന് ഉത്തരവാദിത്വങ്ങളുണ്ടോ, അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കാത്ത സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ക്ക് നിലവില്‍ സ്‌റ്റേഡിയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഹൈബി ഈഡന്‍ ഉന്നയിച്ചു.
Photo Courtesy - Google











