09:11pm 12 November 2026
NEWS
ലോക റെക്കോർഡിൽ മുദ്രപതിപ്പിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ; ഖത്തറിനായി ഒരുക്കിയത് കൂറ്റൻ 'മനുഷ്യ പതാക'.
03/02/2026  07:26 PM IST
nila
ലോക റെക്കോർഡിൽ മുദ്രപതിപ്പിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ; ഖത്തറിനായി ഒരുക്കിയത് കൂറ്റൻ മനുഷ്യ പതാക.

 

ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത ദൃശ്യവിസ്മയം തീർത്ത എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ആഗോള അംഗീകാരം. ഖത്തറിലെ ഏറ്റവും വലിയ 'മനുഷ്യ പതാക' (Human Flag) നിർമ്മിച്ചാണ് എം ഇ എസ് ഇന്ത്യൻ സ്കൂൾ ഈ ചരിത്ര നേട്ടം കൈവരിച്ചത്. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നു.
​ 1,925 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ
സ്കൂളിലെ 7,700 വിദ്യാർത്ഥികളും ജീവനക്കാരും അണിനിരന്നാണ്
സ്കൂൾ ഗ്രൗണ്ടിൽ
 പതാകയുടെ മാതൃക ഒരുക്കിയത്.  
ഖത്തർ ദേശീയ പതാകയുടെ നിറങ്ങളായ വെള്ളയും മെറൂണും വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ അണിനിരന്നത്. 140 വരികളിലും 55 നിരകളിലുമായി കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള ഈ പ്രകടനം ആസൂത്രണമികവിന്റെയും അച്ചടക്കത്തിന്റെയും ഉദാത്ത മാതൃകയായി.
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകിയ സർട്ടിഫിക്കറ്റും സ്വർണ്ണ മെഡലും എം.ഇ.എസ് ഗവേണിംഗ് ബോർഡ് പ്രസിഡന്റ് ബി.എം. സിദ്ദീഖ് അനാച്ഛാദനം ചെയ്തു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ച അദ്ദേഹം, സ്കൂളിന്റെ വളർച്ചയ്ക്ക് നിരന്തര പിന്തുണ നൽകുന്ന രക്ഷിതാക്കളോടുള്ള നന്ദിയും അറിയിച്ചു.
​ഗവേണിംഗ് ബോർഡ് ഡയറക്ടർമാർ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, അബു ഹമൂർ ബ്രാഞ്ച് പ്രിൻസിപ്പൽ പ്രമീള കണ്ണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ കോ-ഓർഡിനേറ്റർ സലിം ജെ. നദാഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫിയോണ ഡിക്രൂസ് സ്വാഗതവും രമാദേവി നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img