
ദോഹ:വിദ്യാർത്ഥികളിൽ നൈതിക മൂല്യങ്ങളും ആത്മീയബോധവും വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് പ്രചോദനാത്മക സെഷൻ സംഘടിപ്പിച്ചു. “Moral and Spiritual Guidance and Its Implications” എന്ന വിഷയത്തിൽ നടന്ന പരിപാടി കെ.ജി. ഹാളിൽ ക്ലാസ് 7 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഒരുക്കിയത്.പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ഡോ. സുലൈമാൻ മെൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തി. വ്യക്തിത്വവികാസവും യുവജന ശാക്തീകരണവും വിഷയമാക്കി നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ഡോ. സുലൈമാൻ നൈതിക മൂല്യങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. അതിവേഗം മാറുന്ന ലോകത്ത് ആത്മീയ അടിത്തറയിലുള്ള വ്യക്തിത്വം, ലക്ഷ്യബോധം, കരുണ എന്നിവ വളർത്തുന്നതിൽ വഹിക്കുന്ന പങ്കിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.എം.ഇ.എസ്. ഇന്ത്യൻ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും മെന്ററുമായ വാഫി ഷിഹാദു വിദ്യാർത്ഥി കളുമായി സംവദിച്ചു. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ യുവജനങ്ങൾക്ക് പ്രചോദനമായി മാറിയ തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. സംവാദാത്മകമായ അവതരണവും യഥാർത്ഥ ജീവിത ഉദാഹരണങ്ങളും സെഷനെ കൂടുതൽ സജീവവും പ്രചോദനാത്മകവുമാക്കി.
അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി മിസ്റ്റർ ഉസ്മാൻ മയ്യേരി പരിപാടിക്ക് ഏകോപനം നൽകി.











