
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അറബിക്, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ കെ.ജി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങിൽ 87 വിദ്യാർത്ഥികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും മികച്ച പ്രകടനത്തെയും അഭിനന്ദിച്ച ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർ ഷഹീദ് ആലുങ്ങൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച അദ്ദേഹം അക്കാദമിക രംഗത്തോടൊപ്പം തന്നെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും വിദ്യാർത്ഥികൾ മുന്നേറണമെന്ന് ഓർമ്മിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികളെ വിജയത്തിലേക്ക് നയിച്ച അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കിനെ അവർ പ്രത്യേകം പ്രശംസിച്ചു.
അറബിക്, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവി ഉസ്മാൻ മയ്യേരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ കോർഡിനേറ്റ് ചെയ്തത്. സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.










