
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിംഗ് ഷിഫ്റ്റിന്റെ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായി കെ.ജി വിഭാഗത്തിന്റെ പ്രഥമ ബിരുദദാന ചടങ്ങ് ആഘോഷപൂർവ്വം സംഘടിപ്പിച്ചു. കുരുന്നുകളുടെ വളർച്ചയുടെയും നേട്ടങ്ങളുടെയും പുതിയ തുടക്കം അടയാളപ്പെടുത്തികൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢമായ പരിപാടികളോടെയാണ് അരങ്ങേറിയത്.
എം.ഇ.എസ് ഗവേർണിംഗ് ബോർഡ് ജനറൽ സെക്രട്ടറി നജീബ് കെ.പി. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മാനേജ്‌മെന്റ് അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ സ്കൂൾ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഉൾപ്പെടുത്തിയ 'ഗ്ലിംപ്സസ്' (Glimpses) എന്ന വീഡിയോ പ്രദർശനം ശ്രദ്ധേയമായി.
കുരുന്നുകളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 'ഡ്രീമേഴ്സ്' എന്ന സ്വാഗത നൃത്തവും 'ലിറ്റിൽ ഫീറ്റ്, ബിഗ് മൂവ്സ്' എന്ന പ്രകടനവും കാണികളുടെ കൈയടി നേടി. 'ക്യാപ്സ് ഓൺ, സ്മൈൽസ് വൈഡ്' എന്ന ഗാനം ആലപിച്ചു കൊണ്ട് കുട്ടി ബിരുദധാരികൾ വേദിയിലെത്തിയപ്പോൾ ഓഡിറ്റോറിയം സന്തോഷത്തിലാണ്ടു.
പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ കാലയളവിൽ നൽകേണ്ട പരിചരണത്തെക്കുറിച്ചും അവർ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ ഗൗണും തൊപ്പിയും ധരിച്ചെത്തിയ കുരുന്നുകൾ ബിരുദ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുകയും ഉത്തരവാദിത്തബോധമുള്ളപഠിതാക്കളായിരിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.
സീനിയർ വൈസ് പ്രിൻസിപ്പൽ ഷിഹാബുദീൻ പുലാത്ത് സ്വാഗതവും
ഹെഡ്മിസ്ട്രസ് സമീന അഷ്ഫാഖ് നന്ദിയും പറഞ്ഞു.











