
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മേഴ്‌സി രവി അനുസ്മരണം ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കഷ്ടപ്പാടുകളുടെ കാലഘട്ടത്തില്‍ വയലാര്‍ രവിക്ക് ആത്മാര്‍ഥമായ പിന്തുണയും പ്രോത്സാഹനവും നല്‍കി ശക്തിയായി നിലകൊണ്ട വ്യക്തിയായിരുന്നു മേഴ്സി രവിയെന്ന് ബെന്നി ബഹനാന്‍ എംപി. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന മേഴ്സി രവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌നേഹവും കരുതലും ആതിഥേയത്വവും നിറഞ്ഞ വ്യക്തിത്വമായിരുന്നു മേഴ്സി രവിയുടേതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. വയലാര്‍ രവി രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ കഷ്ടപ്പാടിന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഉറച്ചുനില്‍ക്കാനും പ്രോത്സാഹിപ്പിക്കാനും മേഴ്സി രവിക്ക് കഴിഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വമായ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും കുടുംബബന്ധത്തിന്റെയും ശക്തിയെ ഊട്ടിയുറപ്പിച്ച വ്യക്തിയായിരുന്നു മേഴ്സി രവിയെന്നും അദ്ദേഹം പറഞ്ഞു. വയലാര്‍ രവിയുടെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സ്‌നേഹവും കരുതലും പുലര്‍ത്തിയ വ്യക്തിത്വം എന്ന നിലയിലും മേഴ്സി രവി ഓര്‍മിക്കപ്പെടുമെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.
വളരെ സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ മേഴ്സി രവി, അതിനപ്പുറം തന്റെ ആശയങ്ങള്‍ വാക്കുകളിലൂടെയും എഴുത്തിലൂടെയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ പറഞ്ഞു. തന്റെ ചിന്തകളും അനുഭവങ്ങളും അക്ഷരങ്ങളിലൂടെ പകര്‍ത്തി പുസ്തകരൂപത്തില്‍ എല്ലാവരിലേക്കും എത്തിക്കാനും മേഴ്സി രവിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, കെ ബാബു, അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്‍, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, ദീപക് ജോയ്, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ ജെയ്‌സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, ഐ കെ രാജു, എം ആര്‍ അഭിലാഷ്, മേയര്‍ വി കെ മിനിമോള്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ചാള്‍സ് ഡയസ്, എം ഒ ജോണ്‍, ജോസഫ് ആന്റണി, ടിറ്റോ ആന്റണി, തമ്പി സുബ്രഹ്‌മണ്യം, എന്‍ ആര്‍ ശ്രീകുമാര്‍, ചെല്ലമ്മ ടീച്ചര്‍, സേവ്യര്‍ തായങ്കേരി, കെ വി ആന്റണി, അജിത് അമീര്‍ ബാവ, സുനില സിബി എന്നിവര്‍ സംസാരിച്ചു.
Photo Courtesy - Google










