
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പി.എച്ച്.ഡി. നേടാൻ "മെഴ്സി ചാൻസ്" അനുവദിച്ചതും കോളേജ് അധ്യാപകരുടെ പ്രവേശന പ്രായപരിധി വർധിപ്പിച്ചതും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. സി.പി.എം. നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിതാ മേനോന് 16 വർഷത്തിനുശേഷം പി.എച്ച്.ഡി. ബിരുദം ലഭിച്ചത് ചട്ടങ്ങൾ മാറ്റിയതിലൂടെയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സർക്കാർ സർവീസുകളിൽ പ്രവേശനത്തിന് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ പ്രായപരിധി 40 വയസ്സായി തുടരുമ്പോൾ, കോളേജ്-യൂണിവേഴ്സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി 50 വയസ്സായി ഉയർത്തിയത് സി.പി.എം. നേതാക്കളുടെ ഭാര്യമാരെ ലക്ഷ്യം വെച്ചാണെന്ന ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
സ്പീക്കർ എ.എൻ. ഷംസീറിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിവാദത്തിലായ കണ്ണൂർ സർവകലാശാല തന്നെയാണ് ഇപ്പോൾ ഒരു ലക്ഷം രൂപ പിഴയടച്ച് നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പി.എച്ച്.ഡി. നൽകാമെന്ന പുതിയ വിവാദത്തിനും തുടക്കമിട്ടിരിക്കുന്നത്. ഈ ആനുകൂല്യം താൽക്കാലികമാണെന്ന് സർവകലാശാല വ്യക്തമാക്കുന്നു.
2008-ൽ പി.എച്ച്.ഡി.ക്ക് രജിസ്റ്റർ ചെയ്ത സരിതാ മേനോൻ, ഒരു ലക്ഷം രൂപ പിഴയടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം അഞ്ച് മാസത്തിനുള്ളിൽ മൂല്യനിർണ്ണയം പൂർത്തിയാക്കി ബിരുദം നേടി. അധ്യാപക നിയമനത്തിന് പി.എച്ച്.ഡി. അനിവാര്യമായ സരിതക്ക് നെറ്റ് യോഗ്യതയില്ല. സാധാരണ പരീക്ഷകൾക്ക് നൽകാറുള്ള "മെഴ്സി ചാൻസ്" ആദ്യമായാണ് ഒരു ഗവേഷണ ബിരുദത്തിന് സർവകലാശാല അനുവദിക്കുന്നത്.
"സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി" നിയമവിരുദ്ധമായി നൽകിയ പി.എച്ച്.ഡി. ബിരുദം റദ്ദാക്കണമെന്നും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർവകലാശാല നൽകിയ പി.എച്ച്.ഡി. ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി.











