
ജ്യോതിഷത്തിൽ ബുധന്റെ ഓരോ ചലനത്തിനും ഏറെ പ്രാധാന്യമുണ്ട്. ബുദ്ധി, വിവേകം, ആശയവിനിമയം, വ്യാപാരം, സാമ്പത്തിക ഇടപാടുകൾ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബുധന്റെ രാശിമാറ്റവും നക്ഷത്രമാറ്റവും വ്യക്തികളുടെ ജീവിതത്തിൽ പലവിധ സ്വാധീനങ്ങൾ സൃഷ്ടിക്കുമെന്നാണ് ജ്യോതിഷ വിശ്വാസം.
നവംബർ 25ന് ബുധൻ ചോതി നക്ഷത്രത്തിൽനിന്ന് വിശാഖ നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. വ്യാഴത്തിന്റെ അധിപത്യത്തിലുള്ള വിശാഖ നക്ഷത്രത്തിലേക്കുള്ള ഈ മാറ്റം ചില രാശിക്കാർക്ക് കരിയറിലും ബിസിനസിലും സാമ്പത്തിക രംഗത്തും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുമെന്നാണ് ജ്യോതിഷഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ കാലയളവിൽ നേട്ടങ്ങൾക്ക് സാധ്യതയുള്ള നാല് രാശികൾ ഏതൊക്കെയെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് സാമ്പത്തികമായി മുന്നേറാനുള്ള അവസരങ്ങൾ ലഭിച്ചേക്കാവുന്ന സമയമാണിത്. നേരത്തെ ലഭിക്കാനുള്ള പണം തിരിച്ചുകിട്ടാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും സാധിച്ചേക്കും. ബിസിനസ് രംഗത്തുള്ളവർക്ക് ലാഭകരമായ കരാറുകളിലും പുതിയ സംരംഭങ്ങളിലും ഭാഗ്യം പരീക്ഷിക്കാം. ജോലിക്കാർക്ക് മികച്ച പ്രകടനത്തിന് അംഗീകാരം ലഭിക്കാനും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരാനും സാധ്യതയുണ്ട്. ജീവിതത്തിൽ പുതിയ ബന്ധങ്ങളും അവസരങ്ങളും വന്നുചേരുന്നതും നേട്ടങ്ങൾക്ക് വഴിയൊരുക്കിയേക്കാം.
മിഥുനം
മിഥുനം രാശിക്കാർക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ പുതിയ വഴികൾ തുറക്കപ്പെടാം. ജോലിയിൽ പുതിയ ചുമതലകൾ ലഭിക്കാനും സ്ഥാനമാറ്റം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങൾ തേടിയെത്താനും സാധ്യതയുണ്ട്. ബിസിനസുകാർക്ക് ഭാവിയിൽ സാമ്പത്തിക നേട്ടം നൽകുന്ന പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയും. വിദ്യാർഥികൾക്കും സർഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂലമായ സമയമായിരിക്കും. കുടുംബസ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാനും താമസം മാറേണ്ട സാഹചര്യം വരാനും സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽപരമായ വളർച്ചയ്ക്കും വഴിയൊരുങ്ങിയേക്കും. അപ്രതീക്ഷിത ധനലാഭം, പുതിയ ബിസിനസ് കരാറുകൾ, തൊഴിൽ അവസരങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വീണ്ടും സജീവമാകുകയും പൂർത്തിയാകാത്ത ജോലികൾ മുന്നോട്ടുപോകുകയും ചെയ്തേക്കാം. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ഈ നക്ഷത്രമാറ്റം ഗുണകരമാകുമെന്നാണ് ജ്യോതിഷഫലം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം സ്വർണം ഉൾപ്പെടെയുള്ള സമ്പാദ്യങ്ങൾ വർധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായേക്കാം.
മകരം
മകരം രാശിക്കാർക്ക് ജോലിയിലും വരുമാനത്തിലും പുരോഗതി പ്രതീക്ഷിക്കാം. ശമ്പളക്കാർക്ക് പ്രവർത്തനമികവിന് അംഗീകാരം ലഭിക്കാനും സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നേട്ടങ്ങൾക്ക് അവസരമൊരുങ്ങാനും സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ ലഭിച്ചേക്കും. നിലവിൽ ബിസിനസ് ചെയ്യുന്നവർക്ക് പുതിയ അവസരങ്ങളിലൂടെയും ഇടപാടുകളിലൂടെയും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിച്ചേക്കാം. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു. വീടുനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും ഈ കാലയളവിലെ അനുകൂല ഫലങ്ങളിൽപ്പെടുന്നു.










