
മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സൗരഭ് രജ്പുത്തിന്റെ മൃതദേഹ ഭാഗങ്ങൾ ഇയാളുടെ ഭാര്യയും കാമുകനും ചേർന്ന് ദുർമന്ത്രവാദത്തിന് ഉപയോദിച്ചെന്നാണ് പൊലീസിന്റെ നിഗമനം. സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം തലയും കൈകളും സൗരഭിന്റെ ഭാര്യയുടെ കാമുകനായ സാഹിൽ സ്വന്തം താമസസ്ഥലത്തെത്തിച്ച് മന്ത്രവാദം നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികളിലൊരാളായ മുസ്കാൻ റസ്തോഗിയുടെ ബോളിവുഡ് മോഹങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ബോളിവുഡ് സിനിമയിൽ നായികയാവാൻ വേണ്ടി മുസ്കാൻ പലതവണ വീടുവിട്ടിട്ടുണ്ടെന്നും ഇത് ദമ്പതികൾ തമ്മിലുള്ള കലഹത്തിന് കാരണമായിട്ടുണ്ടെന്നും സൗരഭിന്റെ ബന്ധുക്കൾ പറയുന്നു. 2021-ൽ ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുത്തിരുന്നു. എന്നാൽ സൗരഭിന്റെ കുടുംബം ഇതിന് സമ്മതിച്ചിരുന്നില്ല. സൗരഭിന്റെ പണമുപയോഗിച്ചാണ് മുസ്കാൻ വസ്തുവും പുതിയ ഐഫോണും വാങ്ങിയത്. പാസ്പോർട്ട് പുതുക്കുന്നതിനാണ് സൗരഭ് തിരിച്ചുവന്നത്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന മുസ്കാന്റെ കുടുംബവും സൗരഭിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സാഹിൽ ദുർമന്ത്രവാദം ചെയ്യാറുണ്ട് എന്ന് സൂചിപ്പിക്കുന്ന വിചിത്രമായ ചിത്രങ്ങളും ദുരൂഹതയുണർത്തുന്ന ചിഹ്നങ്ങളുമെല്ലാം ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് എത്തുന്ന സമയത്ത് മുറിയിൽ ബിയർ ബോട്ടിലുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സാഹിൽ മയക്കുമരുന്നിനടിമയും അതീന്ദ്രിയ ശക്തികളെ വിശ്വസിക്കുന്നയാളുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സൗരഭിന്റെ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ദുർമന്ത്രവാദത്തിനുപയോഗിച്ച ശേഷം അവ തിരികെ സൗരഭിന്റെ ഭാര്യ മുസ്കാന്റെ വീട്ടിലെത്തിച്ച ശേഷമാണ് ഇവ വീപ്പയിലിട്ട് സിമന്റ് നിറച്ചതെന്നും പൊലീസ് സംശയിക്കുന്നു.