
ന്യൂഡൽഹി: മാനസികാരോഗ്യ ചികിത്സക്കായി ഐഐടി ഖരഗ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആവശ്യപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഐഐടികളായ ഖരഗ്പൂരിനും ഡൽഹിക്കും എയിംസിനും നോട്ടീസ് അയച്ചു.
നിലവിൽ ഐഐടി ഖരഗ്പൂരിൽ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് താൻ വിഷാദരോഗത്തിനും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനും ചികിത്സ തേടുന്നുണ്ടെന്ന് കോടതിയെ അറിയിച്ചത്.
എയിംസിലെ ചികിത്സ തുടരുന്നതിനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിനും ഡൽഹിയിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നും വിദ്യാർത്ഥി പറഞ്ഞു.ഐഐടി ഡൽഹിയിൽ ബി.ആർക്ക് കോഴ്സ് ഇല്ലാത്തതിനാൽ, തന്റെ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അനുസരിച്ച് അനുയോജ്യമായ ബി.ടെക് കോഴ്സിലേക്ക് പ്രവേശനം നൽകണമെന്ന് വിദ്യാർത്ഥി കോടതിയോട് അഭ്യർത്ഥിച്ചു.
മാനസികാരോഗ്യവും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അടുത്തിടെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹദേവൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്. കേസ് ഒക്ടോബർ 10-ന് വീണ്ടും പരിഗണിക്കും.
കേസ്: XXX v. IIT Kharagpur & Ors. | WP (C) 889/2025











