04:25am 02 May 2026
NEWS
പരീക്ഷ സമയത്തെ മാനസിക ആരോഗ്യം
13/02/2026  03:21 PM IST
Health Desk
പരീക്ഷ സമയത്തെ മാനസിക ആരോഗ്യം

 

ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികൾ കനത്ത തയ്യാറെടുപ്പിലാണ്. പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.

പരീക്ഷയെ സമ്മർദ്ദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും. അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമമായി കാണുക. ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം. "നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു" തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദ്ദമാണ്.

ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുകയും വേണം – ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം 1 ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും 2 ലിറ്റർ എങ്കിലും).

ആവർത്തനമാണ് ഓർമ്മശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക – ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയ്യാറാക്കി വെക്കുക; അവസാന നിമിഷ റിവിഷന് വളരെ ഉപകാരപ്രദമാകും.

കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക. ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക.

ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായി കാണുക. പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!

Nithin A.F.
Consultant Psychologist
SUT Hospital, Pattom
Mob: 9496341841
Email: nithinaf@gmail.com
www.nithinaf.blogspot.com

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.