
കൊച്ചി: മാനസിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനവും മാറ്റിനിർത്തലുകളും അവസാനിപ്പിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളുടെ പേരുമാറ്റുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. 'മെന്റൽ ഹെൽത്ത് സെന്ററുകൾ' എന്ന പേരിന് പകരം 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ്' എന്ന് പുനർനാമകരണം ചെയ്യാനാണ് അമിക്സ് ക്യൂറി സത്യശ്രീ പ്രിയ നിർദേശിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മറ്റ് ആശുപത്രികളെ ആരും 'ശാരീരിക ആരോഗ്യ കേന്ദ്രങ്ങൾ' എന്ന് വിളിക്കാറില്ലെന്ന് നിരീക്ഷിച്ച കോടതി, മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് മാത്രം ഇത്തരം പേരുകൾ നൽകുന്നത് ജനങ്ങളിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കണമെന്ന് വ്യക്തമാക്കി. ഒരു പ്രത്യേക പേര് കോടതി നിർദേശിക്കുന്നില്ലെന്നും വിഷയത്തിൽ സർക്കാർ ഉചിതമായ നയപരമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ ഹൈക്കോടതി നേരിട്ട് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഉത്തരവ്. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളുടെ അവസ്ഥ ദാരുണവും ഞെട്ടിക്കുന്നതുമാണെന്നും അവ മൃഗങ്ങളെ അടയ്ക്കുന്ന കൂടുകൾക്ക് സമാനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജീവനക്കാരുടെ രൂക്ഷമായ ക്ഷാമവും രോഗികളുടെ പുനരധിവാസത്തിനായുള്ള സൗകര്യക്കുറവും കോടതിയുടെ കടുത്ത വിമർശനത്തിന് വഴിവെച്ചു.
ശീല ബാർസെ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. സ്ഥാപനങ്ങളിൽ വരുത്തിയ മാറ്റങ്ങളും ഭാവി നടപടികളും വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ട് കൃത്യമായ സമയപരിധിയോടെ സമർപ്പിക്കാൻ ആരോഗ്യ, സാമൂഹിക നീതി വകുപ്പ് സെക്രട്ടറിമാർക്ക് കോടതി നിർദേശം നൽകി.
പേരുമാറ്റുന്നത് സംബന്ധിച്ച ഹർജി സംസ്ഥാന സർക്കാരിന്റെ മറുപടിക്കായി സെപ്റ്റംബർ 15-ലേക്ക് മാറ്റിയിട്ടുണ്ട്.
(കേസ്: ദി ഹൈക്കോടതി ലീഗൽ എയ്ഡ് കമ്മിറ്റി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള)










