02:09pm 29 July 2026
NEWS
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി
29/07/2026  09:26 AM IST
nila
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും വാദം കേട്ടശേഷം അന്തിമ തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 

കെഎസ്ആർടിസി കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക നിർദേശം നൽകിയത്. വനിതാ ജീവനക്കാർക്കായി യോജിച്ച രീതിയിലുള്ള ആർത്തവ അവധി നയം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

കെഎസ്ആർടിസിയിൽ നിലവിൽ ഏകദേശം 3,000 വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേക അവധി നയം നടപ്പാക്കേണ്ടതുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, കർണാടക സർക്കാർ വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ആർത്തവ അവധി അനുവദിച്ചിട്ടുള്ള മാതൃകയും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് വിഷയത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img