02:38am 27 June 2026
NEWS
ആർത്തവരക്തം കൊണ്ട് ഇനി നിരവധി ​ഗുണങ്ങളുണ്ട്..
14/06/2025  03:05 PM IST
nila
ആർത്തവരക്തം കൊണ്ട് ഇനി നിരവധി ​ഗുണങ്ങളുണ്ട്..

ആർത്തവകാലം പല സ്ത്രീകൾക്കും അത്ര സുഖകരമായ അനുഭവമല്ല. നടുവ് വേദനയും വയറുവേദനയും മൂഡ്സ്വി​ഗും എല്ലാമായി വളരെ പ്രയാസകരമായ കാലം. വിദ്യാർത്ഥിനികളെ സംബന്ധിച്ചും ജോലിക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ചും മണിക്കൂറുകളോളം പാഡ് മാറ്റാതെ കഴിയേണ്ടി വരിക എന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. എങ്ങനെയെങ്കിലും ഇതൊന്ന് കഴിഞ്ഞുകിട്ടിയാൽ മതിയെന്ന് ആർത്തവകാലത്തെ പഴിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമാകും. എന്നാൽ, ആർത്തവകാലം സ്ത്രീകളുടെ ആരോ​ഗ്യത്തിന് വലിയ ​ഗുണം ചെയ്യും എന്നാണ് ​ഗവേഷകർ ഇപ്പോൾ പറയുന്നത്. 

ആർത്തവ രക്തത്തിൽ നിന്ന് രോ​ഗസാധ്യത തിരിച്ചറിയാനാകും എന്നാണ് ​ഗവേഷകർ പറയുന്നത്. ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്രെ. അർബുദത്തെ പോലും തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയും എന്നാണ് ​ഗവേഷകർ പറയുന്നത്. സൂറിച്ചിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ ഇ.ടി.എച്ചിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. ഇവർ വികസിപ്പിച്ച ‘MenstruAI’ എന്ന ഉപകരണമാണ് ആർത്തവരക്തം വിശകലനം ചെയ്ത് രോ​ഗസാധ്യത വിലയിരുത്തുന്നത്. 

സന്നദ്ധ പ്രവർത്തകരിലാണ് ഇ.ടി.എച്ചിലെ ഗവേഷകർ ആദ്യം ഈ ഉപകരണം പരീക്ഷിച്ചത്.  ഇവ പാഡിൽ ഘടിപ്പിക്കാമെന്നതാണ് പ്രത്യേകത. ആർത്തവ രക്തം വിശകലനം ചെയ്ത് അണ്ഡാശയ അർബുദം പോലുള്ള രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ ഈ യന്ത്രം കണ്ടെത്തും. ഹൃദ്രോഗം, അർബുദം പോലുള്ള രോഗങ്ങളുടെ സാധ്യത തിരിച്ചറിയാനാകുന്ന പ്രോട്ടീൻ ബയോമാർക്കറുകളെ തിരിച്ചറിയാൻ പ്രാപ്തമാണ് ഗവേഷകർ വികസിപ്പിച്ച പുതിയ ഉപകരണം. യന്ത്രമെന്ന് കേൾക്കുമ്പോൾ നിങ്ങളിൽ അമ്പരപ്പുണ്ടാകുക സ്വാഭാവികം. ആർത്തവ രക്തംനനഞ്ഞ പാഡുമായി കഴിയേണ്ടി വരുന്നതിന്റെ പ്രയാസം ചെറുതല്ല. അതിനിടയിലിനി യന്ത്രം കൂടി വെക്കണോ എന്ന് ഏതൊരു പെണ്ണും ചോദിച്ചുപോകും. എന്നാൽ, നമ്മുടെ മെൻസ്ട്രുഎഐ വളരെ ചെറിയൊരു ഉപകരണമാണ് കേട്ടോ.2 x 2 സെന്റിമീറ്റർ വലിപ്പമാണ് ഈ ഉപകരണത്തിനുള്ളത്. മൃദുവായ സിലിക്കോണിൽ പൊതിഞ്ഞതാണ് ഈ ഉപകരണം. 

ഇനി ഇതെങ്ങനെയാണ് ഘടിപ്പിക്കുന്നതെന്നും പ്രവർത്തിക്കുന്നത് എന്നും നോക്കാം. പാഡിന്റെ താഴെയായാണ് മെൻസ്ട്ടു എഐ ഘടിപ്പിക്കുന്നത്. 
ഇതിനുള്ളിലെ പേപ്പർ ടെസ്റ്റ് സ്ട്രിപ്പുകളാണ് പണിയെടുക്കുന്നത്. ഈ പേപ്പർ ടെസ്റ്റ് സ്ട്രിപ്പുകളിലൂടെ ആർത്തവ രക്തത്തിലെ പ്രത്യേക പ്രോട്ടീൻ ബയോമാർക്കറുകളെ കണ്ടെത്താനാവും. പ്രോട്ടീൻ സാന്നിധ്യം കണ്ടെത്തി 15 മിനിറ്റിനുള്ളിൽ നിറംമാറുകയും വരയോ വൃത്തമോ പ്രകടമാവുകയും ചെയ്യും. ഈ നിറത്തിന്റെ തീവ്രതയാണ് പ്രോട്ടീന്റെ അളവ് സൂചിപ്പിക്കുന്നത്. 

സ്ത്രീകളിൽ അർബുദ സാധ്യത ഏറുന്ന സാഹചര്യത്തിൽ ഉപകരണം പ്രയോജനകരമാകുമെന്ന് വിലയിരുത്തുന്നതായി പഠനത്തിനു പിന്നിലെ ഗവേഷകയായ ഇങ് ഹെർമാൻ പ്രതികരിച്ചു. ടെസ്റ്റ് ഫലം നഗ്ന നേത്രങ്ങൾകൊണ്ടു കാണാനും കഴിയും.  എന്നാൽ പരിശോധന വ്യാഖ്യാനിക്കാൻ മെഷീൻ ലേണിംഗ്-ഡ്രൈവൺ ഇമേജ് വിശകലനം ഉപയോഗിക്കുന്ന ഒരു ആപ്പും അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉപകരണം ഉൾച്ചേർത്ത പാഡ് ഒരു സാധാരണ ആർത്തവ പാഡ് പോലെ ധരിക്കാൻ കഴിയുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ഉപകരണം വിപണിയിലെത്തിക്കാൻ 100 പേർ ഉൾപ്പെട്ട കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ഗവേഷകർ തയ്യാറെടുക്കുകയാണ്. പരീക്ഷണങ്ങൾ വിജയകരമായാൽ മൂന്ന് വർഷത്തിനുള്ളിൽ ഇവ വിപണിയിൽ ലഭ്യമാകുമെന്നും ഗവേഷകർ പറയുന്നു. അതെ, സ്ത്രീകളിലെ അർബുദത്തെ ഇനി വളരെ നേരത്തേ തന്നെ തിരിച്ചറിയാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്ന കാലമാണ് വരുന്നത്. അതേസമയം, ഈ മെഷീന്റെ വില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാധരണക്കാരായ സ്ത്രീകൾക്കും പ്രാപ്യമാകുന്നതാണോ ഈ ഉപകരണം എന്നറിയണമെങ്കിൽ ഇതിന്റെ വിലയെത്രയാകും എന്നുകൂടി അറിയേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img